മത്സരം സമനിലയിലാക്കി ശ്രീലങ്ക, അഞ്ചാം ദിവസം എറിഞ്ഞ 87 ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് വിക്കറ്റ്

- Advertisement -

ഇന്ത്യയ്ക്കെതിരെ ഫിറോസ് ഷാ കോട്‍ലയില്‍ സമനില പിടിച്ചെടുത്ത് ശ്രീലങ്ക. അഞ്ചാം ദിവസം അവസാനിക്കുമ്പോള്‍ 299/5 എന്ന നിലയില്‍ ലങ്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടരുകയായിരുന്നു. അവസാന ദിവസം ഏഴ് വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്ന ശ്രീലങ്കയുടെ ചെറുത്ത് നില്പ് ധനന്‍ജയ ഡിസില്‍(119), റോഷെന്‍ സില്‍വ(74*), നിരോഷന്‍ ഡിക്ക്വെല്ല(44*) എന്നിവര്‍ക്കൊപ്പം പൊരുതിയ ദിനേശ് ചന്ദിമലിന്റെയും(36) ശ്രമ ഫലമായിരുന്നു. ദിനേശ് ചന്ദിമല്‍ പുറത്താവുകയും ധനന്‍ജയ ഡിസില്‍വ റിട്ടേര്‍ഡ് ഹര്‍ട്ട് ആയ ശേഷവും കൂടുതല്‍ നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കാനായ റോഷെന്‍-നിരോഷന്‍ കൂട്ടുകെട്ടിനു ഈ സമനിലയില്‍ ഏറെ പ്രസക്തമായ പങ്കുണ്ട്. 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മത്സരം സമനിലയില്‍ ആയതോടെ ഇന്ത്യ 1-0നു പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോഹ്‍ലിയാണ് പരമ്പരയിലെ താരവും കളിയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.

31/3 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ആഞ്ചലോ മാത്യൂസിനെ നഷ്ടമായെങ്കിലും പിന്നീട് ഒരു വിക്കറ്റ് കൂടിയെ നഷ്ടമായുള്ളു. ധനന്‍ജയ ഡിസില്‍വ പരിക്കേറ്റ് പുറത്ത് പോയെങ്കിലും മൂന്ന് സെഷനോളം ഇന്ത്യന്‍ ബൗളര്‍മാരെ സധൈര്യം നേരിടാന്‍ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്കായി. പരമ്പരയിലെ തന്നെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക അഞ്ചാം ദിവസം പുറത്തെടുത്തത്.

ഇന്ത്യയ്ക്കായി പിറന്നാളുകാരന്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ മുന്നില്‍ നിന്നു. രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement