മെല്‍ബേണ്‍ ടി20 ശ്രീലങ്കയ്ക്ക്

- Advertisement -

ആതിഥേയരായ ഓസ്ട്രേലിയയെ 5 വിക്കറ്റിനു തകര്‍ത്ത് ശ്രീലങ്കയ്ക്ക് പരമ്പരയില്‍ വിജയത്തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ശ്രീലങ്ക ഇന്ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ലങ്ക മറികടന്നത്. അസേല ഗുണരത്നേ അര്‍ദ്ധ ശതകവുമായി(52) ലങ്കന്‍ ബാറ്റ്സ്മാന്മാരില്‍ മികവ് പുലര്‍ത്തി. 29 പന്തില്‍ 44 റണ്‍സ് നേടിയ ദില്‍ഷന്‍ മുനവേരയും മികച്ച പിന്തുണയാണ് നല്‍കിയത്. വിജയരേഖ മറികടക്കുമ്പോള്‍ ചാമര കപുഗേധര(10*), സീകുജേ പ്രസന്ന(8*) എന്നിവരായിരുന്നു ക്രീസിലുണ്ടായിരുന്നത്. നേരത്തെ ആരോണ്‍ ഫിഞ്ച്(43), മൈക്കല്‍ ക്ലിംഗര്‍ (38) എന്നിവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം ഓസ്ട്രേലിയയ്ക്ക് മുതലാക്കാനാകാതെ പോകുകയായിരുന്നു.

ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഫിഞ്ച്-ക്ലിംഗര്‍ കൂട്ടുകെട്ട് 76 റണ്‍സാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 31 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച് നിന്നു. എന്നാല്‍ പിന്നീടെത്തിയ ബാറ്റ്സ്മാന്മാര്‍ക്ക് വേണ്ടത്ര രീതിയില്‍ സ്കോറിംഗ് മികവ് കാഴ്ചവയ്ക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 168ല്‍ ഒതുങ്ങി.

ലസിത് മലിംഗ മടങ്ങി വരവില്‍ 2 വിക്കറ്റ് നേടി. വികും സഞ്ജയ, ലക്ഷന്‍ സങ്കടന്‍, അസേല ഗുണരത്നേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഓവറില്‍ തന്നെ നായകന്‍ ഉപുല്‍ തരംഗയെ നഷ്ടമായെങ്കിലും ഡിക്വെല്ല-മുനവീര സഖ്യം മികച്ച പ്രത്യാക്രമണമാണ് ലങ്കയ്ക്ക് വേണ്ടി നടത്തിയത്. അടുത്തടുത്ത് ഡിക്വെല്ലയും(30), മുനവീരയും(44) നഷ്ടമായെങ്കിലും അസേല ഗുണരത്നേ തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നു. എന്നാല്‍ ഏറെക്കുറേ സ്വന്തം പക്ഷത്തായ മത്സരത്തില്‍ വളരെ പെട്ടെന്നാണ് ശ്രീലങ്ക പിന്നോട്ട് പോകുന്ന കാഴ്ച കണ്ടത്. കൈയ്യില്‍ 7 വിക്കറ്റ് അവശേഷിക്കുന്ന സ്ഥിതിയില്‍ 18 പന്തില്‍ 18 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്കന്‍ തകര്‍ച്ച ആരംഭിച്ചത്. അര്‍ദ്ധ ശതകം തികച്ച അസേല ഗുണരത്നയേയും മിലിന്ദ സിരിവര്‍ദനയേയും പുറത്താക്കി ആഷ്ടണ്‍ ടര്‍ണര്‍ ആണ് മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്കാക്കിയെങ്കിലും കപുഗേദര, പ്രസന്ന കൂട്ടുകെട്ട് ലങ്കയെ അവസാന പന്തില്‍ വിജയത്തീരത്തെത്തിച്ചു.

Advertisement