ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക, നൈറ്റ് വാച്ച്മാനായും തിളങ്ങി റബാഡ

ഓസ്ട്രേലിയയ്ക്കെതിരെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയയെ 243 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തെ(11) ആണ് നഷ്ടമായത്. അഞ്ച് വിക്കറ്റ് നേടി ബൗളിംഗില്‍ തീപ്പാറുന്ന പ്രകടനം പുറത്തെടുത്ത റബാഡ നൈറ്റ് വാച്ച്മാനായി എത്തിയും തിളങ്ങുകയായിരുന്നു. 14 പന്തില്‍ നിന്ന് 17 റണ്‍സ് നേടി റബാഡ പുറത്താകാതെ നില്‍ക്കുമ്പോള്‍ ഒപ്പം ഡീന്‍ എല്‍ഗാര്‍ 11 റണ്‍സുമായി നില്‍ക്കുന്നു. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ് ലഭിച്ചത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 39/1 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയന്‍ സ്കോറിനു 204 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്ക.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ കാഗിസോ റബാഡ(5)-ലുംഗിസാനി ഗിഡി(3) കൂട്ടുകെട്ട് 243 റണ്‍സിനു പുറത്താക്കുകയായിരുന്നു. 98/0 എന്ന് നിലയില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം ബാക്കി ബാറ്റ്സ്മാന്മാര്‍ക്ക് തുടരാനാകാതെ പോയതാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായത്. ലഞ്ചിനു തൊട്ട് മുമ്പ് കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ(38) വെറോണ്‍ ഫിലാന്‍ഡര്‍ പുറത്താക്കിയ ശേഷം പിന്നീടങ്ങോട്ട് ദിവസത്തിലുടനീളം കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റുകള്‍ വീഴ്ത്തി.

63 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ ഗിഡി പുറത്താക്കിയപ്പോള്‍ സ്മിത്തിനെയയും മാര്‍ഷ് സഹോദരന്മാര്‍ക്കും യാത്രയയപ്പ് നല്‍കിയത് റബാഡ ആയിരുന്നു. ചായയ്ക്ക് ശേഷം തിരികെ എത്തി തന്റെ അഞ്ച് വിക്കറ്റ് നേട്ടം റബാഡ പൂര്‍ത്തിയാക്കിയപ്പോള്‍ വാലറ്റത്തെ തുടച്ച് നീക്കിയത് ലുംഗിസാനി ഗിഡി ആയിരുന്നു. ടിം പെയിന്‍ 36 റണ്‍സ് നേടി ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പ് ഫൈനൽ റൗണ്ട് ഡ്രോ മാർച്ച് 12ന്
Next articleഫുട്ബോൾ ലോകം ഞെട്ടലിൽ, ഫ്രഞ്ച് യുവതാരം ഉറക്കത്തിൽ മരണപ്പെട്ടു