പര്യടനത്തിന് മുൻപ് പാകിസ്ഥാനിൽ സുരക്ഷ പരിശോധനക്ക് ഒരുങ്ങി ദക്ഷിണാഫ്രിക്ക

ജനുവരിയിൽ പാകിസ്ഥാനിൽ പര്യടനം നടത്തുന്നതിന് മുൻപായി രാജ്യത്തെ സുരക്ഷയും കോവിഡ് സ്ഥിതിയും വിശകലനം ചെയ്യാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഇതിന്റെ ഭാഗമായി രണ്ട് അംഗ സംഘത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അടുത്ത മാസം പാകിസ്ഥാനിലേക്ക് അയക്കും. ഇതിന് ശേഷം മാത്രമാവും ജനുവരിയിൽ ദക്ഷിണാഫ്രിക്ക പാകിസ്ഥാനിൽ പര്യടനം നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

ദക്ഷിണാഫ്രിക്കൻ പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുന്ന കാര്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ബാക്കിയുള്ള മത്സരങ്ങൾ നടക്കുന്ന നവംബർ 14 മുതൽ 17 വരെയുള്ള കാലയളവിലാവും ദക്ഷിണാഫ്രിക്കൻ പ്രതിനിധികൾ പാകിസ്ഥാനിൽ എത്തി സ്ഥിഗതികൾ വിലയിരുത്തുക.

എന്നാൽ പരമ്പരയിൽ ടെസ്റ്റ് മത്സരങ്ങളാണോ നിശ്ചിത ഓവർ മത്സരങ്ങളാണോ നടക്കുകയെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണാഫ്രിക്ക പാകിസ്ഥാനിൽ പര്യടനം നടത്തുകയാണെങ്കിൽ 2009ന് ശേഷം പാകിസ്ഥാനിൽ പര്യടനം നടത്തുന്ന ആദ്യത്തെ പ്രധാന ടെസ്റ്റ് ടീം ആവും ദക്ഷിണാഫ്രിക്ക.

Exit mobile version