Picsart 25 08 12 18 24 30 332

ഓസ്ട്രേലിയയുടെ വിജയ കുതിപ്പിന് അവസാനമിട്ട് ദക്ഷിണാഫ്രിക്ക


ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആവേശകരമായ രണ്ടാം T20 മത്സരത്തിൽ, ഡാർവിനിലെ മാറാര ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ 53 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന മികച്ച സ്കോർ നേടി. 56 പന്തിൽ 125 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന് കരുത്ത് പകർന്നത്. 12 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രെവിസിന്റെ ഇന്നിംഗ്സ്.

ട്രിസ്റ്റൻ സ്റ്റബ്സുമായി (22 പന്തിൽ 31) ചേർന്ന് 126 റൺസിന്റെ കൂട്ടുകെട്ടും ബ്രെവിസ് ഉണ്ടാക്കി. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കരുത്ത് ഓസ്‌ട്രേലിയക്ക് ഒരു വലിയ വിജയലക്ഷ്യം നൽകി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ആവശ്യമായ റൺറേറ്റ് നിലനിർത്താൻ കഴിഞ്ഞില്ല. 17.4 ഓവറിൽ 165 റൺസിന് എല്ലാവരും പുറത്തായി. 24 പന്തിൽ 50 റൺസ് നേടിയ ടിം ഡേവിഡ് മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. എന്നാൽ മറ്റ് ബാറ്റ്സ്മാൻമാരുടെ പിന്തുണയില്ലാത്തത് ഓസ്‌ട്രേലിയയുടെ പരാജയത്തിന് കാരണമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വേന മഫാക 57 റൺസിന് 3 വിക്കറ്റും കോർബിൻ ബോഷ് 20 റൺസിന് 3 വിക്കറ്റും വീഴ്ത്തി.

Exit mobile version