
ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും മാറ്റുരയ്ക്കുന്ന നിദാഹസ് ട്രോഫിയുടെ ചില മത്സരങ്ങള്‍ കാണുവാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. ശ്രീലങ്കന്‍ സ്വാതന്ത്ര്യത്തിന്റെ 70ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ടൂര്‍ണ്ണമെന്റാണിത്. എന്നാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ക്ഷണം ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.
സച്ചിന് ടെണ്ടുല്‍ക്കര്‍ തന്റെ തിരക്കിനിടയില്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ എത്തുമോ എന്നത് തീര്‍ച്ചയല്ലെങ്കിലും ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ് തിലംഗ സുമതിപാല അറിയിച്ചത്. ശ്രീലങ്കയുടെയും ബോര്‍ഡിന്റെയും 70ാം വാര്‍ഷികത്തോടനുബന്ധിച്ച് സച്ചിന് പ്രത്യേക ആശംസ സന്ദേശം അറിയിച്ചിട്ടുണ്ടെന്നും തിലംഗ പറഞ്ഞു.
കഴിഞ്ഞ നിദാഹസ് ട്രോഫിയില്‍ 1998ല്‍ ഇന്ത്യ, ശ്രീലങ്ക, ന്യൂസിലാണ്ട് ടീമുകളാണ് പങ്കെടുത്തത്. അന്ന് സച്ചിനും സൗരവ് ഗാംഗുലിയും കൂടി ഓപ്പണിംഗില്‍ അന്നത്തെ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് നേടിയിരുന്നു. 252 റണ്‍സാണ് അന്ന് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ന് 20 വര്‍ഷങ്ങള്‍ക്കപ്പുറം ഓപ്പണിംഗ് കൂട്ടുകെട്ടുകളുടെ പട്ടികയില്‍ ആ നേട്ടം ഏഴാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial