ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയും

ശ്രീലങ്കന്‍ ടീമിന്റെ ഏറെ നാളായിത്തുടരുന്ന മോശം ഫോമിന്റെ ഭാഗമായി ഇന്ത്യ പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയാന്‍ തീരുമാനിച്ച് ശ്രീലങ്കന്‍ സെലക്ടര്‍മാര്‍. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യയോട് നിരുപാധികം കീഴടങ്ങിയ ടീമിന്റെ പ്രകടനമാണ് സെലക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള പാനല്‍ തങ്ങളുടെ രാജിക്കത്ത്  ശ്രീലങ്കയുടെ കായിക മന്ത്രി ദയാസിരി ജയശേഖരയ്ക്ക് നല്‍കി എന്ന് ജയസൂര്യ തന്നെ ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ പരാജയത്തിനു പുറമേ ആരാധകരുടെ ഭാഗത്ത് നിന്നുള്ള രോഷപ്രകടനവും തങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ജയസൂര്യ പറഞ്ഞു.

സെപ്റ്റംബര്‍ 6നു നടക്കുന്ന ടി20 മത്സരം കഴിഞ്ഞയുടനെ സ്ഥാനമൊഴിയാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. മേയ് 2016ല്‍ സനത് ജയസൂര്യയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പാനലില്‍ റോമേഷ് കലുവിതരണ, രഞ്ജിത് മധുര്‍സിംഗേ, എറിക് ഉപശാന്ത, അസങ്ക ഗുരുസിന്‍ഹ എന്നിവരും അംഗങ്ങളായിരുന്നു.

ഈ കാലയളവില്‍ ഓസ്ട്രേലിയയെ 3-0നു തകര്‍ക്കുകയും ടി20 പരമ്പര 2-1 നു ജയിക്കുകയും ചെയ്തുവെങ്കിലും സിംബാബ്‍വേയോട് ഏകദിന പരമ്പര നഷ്ടമായതും ഇന്ത്യന്‍ പര്യടനത്തില്‍ പൊരുതാനാകാതെ കീഴടങ്ങിയതും ശ്രീലങ്കന്‍ ക്രിക്കറ്റിനു തീരാത്ത കളങ്കമായി മാറുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോപ്പയിൽ ബ്രസീലിനെ വിറപ്പിച്ച, യൂറോപ്പ ലീഗിൽ ഹാട്രിക്ക് നേടിയ മികു ഇനി ബെംഗളൂരുവിൽ
Next articleമുസാഫിർ എഫ് സി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു