രണ്ടാം ദിനം 63 റണ്‍സിനു ശ്രീലങ്ക പിന്നില്‍

സിംബാബ്‍വേയുടെ 356 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരുന്ന ശ്രീലങ്ക കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം 293/7 എന്ന നിലയില്‍. 24 റണ്‍സുമായി അസേല ഗുണരത്നേ, 5 റണ്‍സ് നേടിയ രംഗന ഹെരാത്ത് എന്നിവരാണ് ക്രീസില്‍. സിംബാബ്‍വേയ്ക്ക് വേണ്ടി ഗ്രെയിം ക്രെമര്‍ 3 വിക്കറ്റ് നേടി.

നേരത്തെ ഒന്നാം ഇന്നിംഗ്സ് സ്കോറിനോട് 16 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ സിംബാബ്‍വേ ഓള്‍ഔട്ട് ആവുകയായിരുന്നു. 27 റണ്‍സ് നേടിയ ടിരിപാനോയെ ഹെരാത്ത് പുറത്താക്കിയപ്പോള്‍ ക്രെയിഗ് ഇര്‍വിനെ(160) ലഹിരു കുമര പുറത്താക്കി. മത്സരത്തില്‍ ഹെരാത്ത് അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കി.

മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും പിന്നീട് തുടരെ വീണ വിക്കറ്റുകള്‍ ശ്രീലങ്കയെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് നേടിയ ശേഷം ദിമുത് കരുണാരത്നയെ പുറത്താക്കി ടിരിപാനോ ആണ് ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. കുശല്‍ മെന്‍ഡിസിനെ ക്രെമര്‍ പുറത്താക്കി. ഏറെ വൈകാതെ 71 റണ്‍സ് നേടിയ ഉപുല്‍ തരംഗയെയും ശ്രീലങ്കയ്ക്ക് റണ്‍ഔട്ട് രൂപത്തില്‍ നഷ്ടമായി.

നാലാം വിക്കറ്റില്‍ നായകനും മുന്‍നായകനും ചേര്‍ന്ന് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. 96 റണ്‍സിന്റെ നാലാം വിക്കറ്റിനൊടുവില്‍ ദിനേശ് ചന്ദിമല്‍ (55) മടങ്ങിയപ്പോള്‍ ശ്രീലങ്ക വീണ്ടും ഒരു തകര്‍ച്ച നേരിട്ടു. നിരോഷന്‍ ഡിക്ക്വെല്ലയെയും ആഞ്ചലോ മാത്യൂസിനെയും(41) നഷ്ടമായ അവര്‍ക്ക് തുണയായത് ദില്‍രുവന്‍ പെരേരയുടെയും ഗുണരത്നയുടെയും കൂട്ടുകെട്ടാണ്. 33 റണ്‍സ് നേടിയ പെരേരയും റണ്‍ഔട്ട് ആവുകയായിരുന്നു.

ക്രെമറിനു പുറമേ ഷോണ്‍ വില്യംസ്, ഡൊണാള്‍ഡ് ടിരിപോനാ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാബി കീറ്റയ്ക്ക് വേണ്ടി ലിവർപൂൾ
Next articleമരിയോ ഗോട്സെ തിരിച്ചെത്തി