വീണ്ടും രോഷാകുലരായി ലങ്കന്‍ ആരാധകര്‍, ഇത്തവണ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞ് പ്രതിഷേധം

ഏതാനും ദിവസം മുമ്പ് ആദ്യ ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം ഒരു പറ്റം ആരാധകര്‍ ലങ്കന്‍ ടീം സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ ടീമിന്റെ തോല്‍വിയിലുള്ള പ്രതിഷേധവുമായി എത്തിയിരുന്നു. അന്ന് 139/1 എന്ന നിലയില്‍ നിന്ന് 216 റണ്‍സിനു പുറത്തായ ശ്രീലങ്കയുടെ ദയനീയമായ പ്രകടനമായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്.

ശ്രീലങ്കന്‍ ടീമിനെതിരെ ആരാധകരുടെ പ്രതിഷേധം

രണ്ടാം മത്സരത്തില്‍ ജയത്തിന്റെ വക്കോളമെത്തിയ ലങ്ക, പിന്നീട് ധോണിയ്ക്കും ഭുവിയ്ക്കും മുന്നില്‍ മത്സരം അടിയറവു പറഞ്ഞുവെങ്കിലും അന്ന് ലങ്കയ്ക്ക് ആശ്വസിക്കാന്‍ അകില ധനന്‍ജയയുടെ പ്രകടനമുണ്ടായിരുന്നു. ഇന്നും അകില തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രതിരോധിക്കുവാന്‍ വേണ്ടത്ര റണ്ണില്ലാത്തതിനാല്‍ രോഹിത്തും ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പരമ്പര തോല്‍വി 8 റണ്‍സ് അകലെ മാത്രം എത്തിയപ്പോള്‍ പക്ഷേ ശ്രീലങ്കന്‍ ആരാധകരുടെ രോഷം അണപൊട്ടി.

കളി കാണാനെത്തിയ ഒരു പറ്റം ആരാധകരില്‍ നിന്ന് ഇന്നത്തെ പ്രതിഷേധം അതിരു കടന്നുവെന്ന് തന്നെ പറയാം. ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞാണ് അവര്‍ തങ്ങളുടെ ടീമിനെതിരെയുള്ള വെറുപ്പും വിദ്വേഷവും പ്രകടമാക്കിയത്. ഏകദേശം 32 മിനുട്ടുകളോളം കളി തടസ്സപ്പെട്ടപ്പോള്‍ ഇന്ത്യ 210/4 എന്ന നിലയിലായിരുന്നു. 44ാം ഓവര്‍ സമാപിച്ച ഉടനെയാണ് ഈ അനിഷ്ഠ സംഭവങ്ങള്‍ അരങ്ങേറിയത്.

Credits: @AFP

ഉച്ചഭാഷണികളിലൂടെ കാണികളോട് ശാന്തരാകുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ആരും തന്നെ ഈ ശ്രമങ്ങള്‍ക്ക് ചെവികൊടുക്കുവാന്‍ തയ്യാറായില്ല. ഒരു ഘട്ടത്തില്‍ മത്സരം അവിടെ വെച്ച് ഉപേക്ഷിച്ചുവെന്ന് സൂചനകളാണ് ഗ്രൗണ്ടില്‍ നിന്ന് വന്നത്. കളിക്കാരും അമ്പയര്‍മാരും കൈ കൊടുത്ത് മടങ്ങുവാന്‍ തുനിഞ്ഞ സാഹചര്യത്തിലാണ് പോലീസിന്റെ സഹായത്തോടു കൂടി പ്രശ്നക്കാരായ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയത്.

പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ഒരോവറും ഒരു പന്തും കൂടി വേണ്ടി വന്നു ഇന്ത്യയ്ക്ക് വിജയത്തിലേക്ക് നീങ്ങുവാന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുസോയുടെ ഫ്രീകിക്കിൽ രക്ഷപ്പെട്ട് എ സി മിലാൻ
Next articleഅസൻസിയോ മാജിക്കും മറികടന്ന് വലൻസിയ റയലിനെ തളച്ചു