യോ-യോ ടെസ്റ്റുകള്‍ അവസാന വാക്കായി പരിഗണിയ്ക്കേണ്ടതുണ്ടോയെന്ന് ചോദിച്ച് അനിരുദ്ധ് ചൗധരി

- Advertisement -

ടീം തിരഞ്ഞെടുപ്പുകളിലെ അവസാന വാക്കായി യോ-യോ ടെസ്റ്റിനെ പരിഗണിക്കേണ്ടതുണ്ടോയെന്ന മറു ചോദ്യം ചോദിച്ച് ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി. ദേശീയ ടീമുകളിലേക്ക് കഴിവിനു മുകളില്‍ ഫിറ്റ്‍നെസ് ടെസ്റ്റിനു പ്രാധാന്യമേറി വരുന്ന സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ബിസിസിയില്‍ നിന്ന് തന്നെ മുറുമുറുപ്പ് ഉയരുന്നത്. കഴിഞ്ഞ ദിവസം രവി ശാസ്ത്രി പത്ര സമ്മേളനത്തില്‍ യോ-യോ ടെസ്റ്റ് പാസാവുക ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നതിനു നിര്‍ണ്ണായകവും നിര്‍ബന്ധവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

മികച്ച ഫോമില്‍ ഐപിഎല്‍ കളിച്ച അമ്പാട്ടി റായിഡു ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കണക്കാക്കുന്ന സഞ്ജു സാംസണുമെല്ലാം ടീമിലെ സ്ഥാനം യോ-യോ ടെസ്റ്റ് മാനദണ്ഡമാക്കി നഷ്ടമാകുമ്പോളാണ് അനിരുദ്ധ ചൗധരിയുടെ ചോദ്യത്തിന്റെ പ്രസക്തി. അമ്പാട്ടി റായിഡുവിനു ഒരു അവസരം മാത്രമാണ് നല്‍കിയതെന്നും തന്റെ ആദ്യ ശ്രമത്തില്‍ പരിചിതമല്ലാത്തൊരു പരിശീലന രീതിയില്‍ ഒരു താരം പരാജയപ്പെടുന്നത് സ്വാഭാവികമാണെന്നുമാണ് ചൗധരി റായിഡുവിനു പിന്തുണയായി പറഞ്ഞത്.

എന്നാല്‍ അനില്‍ കുംബ്ലൈ ഇന്ത്യയുടെ കോച്ചായിരുന്ന കാലത്ത് മുതല്‍ യോ-യോ ടെസ്റ്റ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നുവെന്നതും അത് രവി ശാസ്ത്രി മുന്നോട്ട് കൊണ്ടു പോകുന്നതിനു വിരാട് കോഹ്‍ലിയുടെ പിന്തുണയുള്ളതിനാലും യോ-യോ ടെസ്റ്റിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിച്ചു നിര്‍ത്താനാകില്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement