അഞ്ച് വര്‍ഷത്തിനു ശേഷം ഏകദിന ശതകം നേടി ഷോണ്‍ മാര്‍ഷ്, ഓസ്ട്രേലിയയ്ക്ക് ജയമില്ല

- Advertisement -

അഞ്ച് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിനത്തില്‍ ശതകം നേടുവാന്‍ ഷോണ്‍ മാര്‍ഷിനു കഴിഞ്ഞുവെങ്കിലും ഇംഗ്ലണ്ട് നല്‍കിയ കൂറ്റന്‍ സ്കോര്‍ പിന്തുടരാനാകാതെ ഓസ്ട്രേലിയ കീഴടങ്ങി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇംഗ്ലണ്ട് 2-0 എന്ന നിലയില്‍ മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജേസണ്‍ റോയ്(120), ജോസ് ബട്‍ലര്‍(91*) എന്നിവരുടെ മികവില്‍ 342/8 എന്ന സ്കോര്‍ നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് 304 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.1 റണ്‍സിനു ഓസ്ട്രേലിയ ഓള്‍ഔട്ട് ആയപ്പോള്‍ 38 റണ്‍സിന്റെ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി.

131 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷിനു പിന്തുണയായി ടോപ് ഓര്‍ഡറില്‍ ആരും തന്നെയുണ്ടായിരുന്നില്ലെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലും(31), ആഷ്ടണ്‍ അഗറുമാണ്(46) പൊരുതി നോക്കിയത്. ആറാം വിക്കറ്റില്‍ അഗറും-മാര്‍ഷും തമ്മിലുള്ള കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ സാധ്യത സജീവമാക്കി നിര്‍ത്തിയത്.

ആഷ്ടണ്‍ അഗറിന്റെ ചെറുത്ത് നില്പിനെ ആദില്‍ റഷീദ് അവസാനിപ്പിച്ചപ്പോള്‍ 96 റണ്‍സാണ് ആറാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. പകരമെത്തിയ ടിം പെയിനും 15 റണ്‍സ് നേടി മടങ്ങി. അതേ ഓവറില്‍ തന്നെ ഷോണ്‍ മാര്‍ഷിനെയും ലിയാം പ്ലങ്കറ്റ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

116 പന്തുകളാണ് ഷോണ്‍ മാര്‍ഷ് നേരിട്ടത്. 10 ബൗണ്ടറിയും 3 സിക്സുമാണ് ഷോണ്‍ മാര്‍ഷ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. അവസാന നാലോവറില്‍ 2 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 48 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 7 പന്തുകള്‍ക്ക് ശേഷം ഓസ്ട്രേലിയ 10 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് നാലും ആദില്‍ റഷീദ് മൂന്നും വിക്കറ്റ് നേടി. മോയിന്‍ അലിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ മാര്‍ക്ക് വുഡിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് നേടാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement