ഓവറില്‍ 27 റണ്‍സ് വഴങ്ങി ശര്‍ദ്ധുല്‍ താക്കൂര്‍

- Advertisement -

ശ്രീലങ്കയ്ക്കെതിരെ നിദാഹസ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ മോശം ബൗളിംഗ് പ്രകടനവുമായി ശര്‍ദ്ധുല്‍ താക്കൂര്‍. മത്സരത്തിന്റെ മൂന്നാം ഓവര്‍ എറിയുവാന്‍ താക്കൂര്‍ എത്തുമ്പോള്‍ കുശല്‍ ജനിത് പെരേരയായിരുന്നു ക്രീസില്‍. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി പറത്തിയ കുശല്‍ തൊട്ടടുത്ത പന്ത് സിക്സര്‍ പറത്തി. അഞ്ചാം പന്തില്‍ ഹൈ ഫുള്‍ട്ടോസ് എറിഞ്ഞ ശര്‍ദ്ധുലിനെ വീണ്ടും ബൗണ്ടറി പറത്തുകയായിരുന്നു കുശല്‍ പെരേര.

ഫ്രീ ഹിറ്റ് ലഭിച്ച പന്തും ബൗണ്ടറി കടത്തിയ കുശല്‍ പെരേരയ്ക്ക് എന്നാല്‍ അവസാന പന്തില്‍ റണ്‍ കണ്ടെത്താനായില്ല. മൂന്നാം ഓവര്‍ പിന്നിടുമ്പോള്‍ ലങ്ക 46/1 എന്ന നിലയിലായിരുന്നു.

ഒരു ടി20 അന്താരാഷ്ട്ര മത്സരത്തില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍ വഴങ്ങിയ താരമെന്ന മോശം റെക്കോര്‍ഡ് അതിനാല്‍ തന്നെ ശര്‍ദ്ധുലിന്റെ പേരിലാവുകയും ചെയ്തില്ല. 2016ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 32 റണ്‍സ് വഴങ്ങിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

2012ല്‍ സുരേഷ് റെയ്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ വഴങ്ങിയ 26 റണ്‍സാണ് ശര്‍ദ്ധുല്‍ താക്കൂര്‍ ഇന്ന് മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement