വാർണറിന്റെയും എബിഡിയുടെയും റെക്കോർഡ് തകർത്ത് ഷെയിൻ വാട്ട്സൺ

- Advertisement -

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്കുള്ള മടങ്ങി വരവിൽ ചെന്നൈ സൂപ്പർ കിങ്‌സ് കിരീടമുയർത്തിയപ്പോൾ വിജയത്തിനോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഷെയിൻ വാട്സണ്‍. ഡേവിഡ് വാർണർ, എബി ഡിവില്ലിയേഴ്സ് എന്നിവരെ മറികടന്ന് ഏറ്റവുമധികം സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് വാട്സണ്‍ സ്വന്തമാക്കിയത്. ഇന്ത്യൻ താരവും ബെംഗളൂരു ക്യാപ്റ്റനുമായ വിരാട് കൊഹ്‌ലിക്കൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് ഷെയിൻ വാട്സണ്‍. നാല് സെഞ്ചുറികൾ വീതമാണ് ഇരു താരങ്ങളും നേടിയത്. ഐപിഎല്ലിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്ലിന്റെ പേരിലാണ്. ആറ് സെഞ്ചുറികളാണ് സൂപ്പർ താരം ഐപിഎല്ലിൽ അടിച്ചു കൂട്ടിയത്.

ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് വാട്ട്സൺ ഫൈനലിൽ സ്വന്തമാക്കിയത്. വാർണർക്കും എ ബിഡിക്കും മൂന്നു സെഞ്ചുറികൾ വീതമാണുള്ളത്. ബ്രെൻഡൻ മക്കല്ലം, ആദം ഗിൽക്രിസ്റ്, വിരേന്ദർ സേവാങ്, മുരളി വിജയ്, ഹാഷിം ആംല എന്നി താരങ്ങൾക്ക് രണ്ടു ഐപിഎൽ സെഞ്ചുറി വീതമുണ്ട്. ഐപിഎൽ സെഞ്ചുറിയുടെ കാര്യത്തിൽ റെക്കോർഡിന്റെ ആധിപത്യം ക്രിസ് ഗെയ്ലിനാണ്. ഏറ്റവും കൂടുതൽ സെഞ്ചുറിക്ക് പുറമെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോറും (175*) ഏറ്റവും വേഗതയേറിയ സെഞ്ചുറിയും (100 runs in 30 balls) ഗെയ്ലിന്റെ പേരിലാണ്. ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി (100 runs in 66 balls) നേടിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement