ഷാകിബ് അല്‍ ഹസന്റെ മുന്നില്‍ മുട്ടുമടക്കി ഓസ്ട്രേലിയ

രണ്ട് ദിവസം അവശേഷിക്കെ 8 വിക്കറ്റ് കൈയ്യിലുള്ള ഓസ്ട്രേലിയ 156 റണ്‍സ് നേടി വിജയം സ്വന്തമാക്കുവാനുള്ള സാധ്യത ഏറെയായിരുന്നുവെങ്കിലും ബംഗ്ലാദേശിനെ സ്വന്തം നാട്ടില്‍ അതും ആദ്യ ദിവസം മുതല്‍ സ്പിന്നിനു പിന്തുണയുള്ള പിച്ചില്‍ ആരും തന്നെ തള്ളിക്കളഞ്ഞിരുന്നില്ല. 109/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന തോന്നലുകളാണ് നാലാം ദിവസം ആദ്യ ഓവറുകളില്‍ നിന്ന് ലഭിച്ച സൂചന. എന്നാല്‍ ഷാകിബ് തന്റെ 5 വിക്കറ്റ് നേട്ടം ആഘോഷിച്ച ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ബംഗ്ലാദേശിനു മുന്നില്‍ 20 റണ്‍സിനു അടിയറവു പറഞ്ഞു. മൂന്ന് വിക്കറ്റ് നേടി തൈജുല്‍ ഇസ്ലാമും മികവ് പുലര്‍ത്തി.

ഇരുവശത്ത് നിന്നും സ്പിന്‍ ആക്രമണത്തോടെ തുടങ്ങിയ ബംഗ്ലാദേശ് ബൗളിംഗിനെ സധൈര്യം നേരിട്ട ഡേവിഡ് വാര്‍ണര്‍ തന്റെ 19ാം ശതകം തികച്ചു. ബംഗ്ലാദേശില്‍ ഇത് വാര്‍ണറുടെ രണ്ടാം ശതകമാണ്. സ്പിന്നര്‍ാരുടെ കുത്തിത്തിരിയുന്ന പന്തുകളെ നേരിട്ട് വാര്‍ണര്‍-സ്മിത്ത് കൂട്ടുകെട്ട് തലേ ദിവസത്തെ സ്കോറിനോട് 49 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ വാര്‍ണറുടെ അന്തകനായി ഷാകിബ് രംഗത്തെത്തി.

112 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ ഷാകിബ് വിക്കറ്റിനു മുന്നില്‍ കൂടുക്കി. ഏറെ വൈകാതെ സ്റ്റീവന്‍ സ്മിത്തിനെയും(37) മടക്കിയയച്ചു ഷാകിബ് മത്സരത്തില്‍ ബംഗ്ലാദേശിനു ആധിപത്യം നേടി കൊടുത്തു. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ(15) തൈജുല്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ (14) ഷാകിബിനു വിക്കറ്റ് നല്‍കി.

ഒമ്പതാം വിക്കറ്റില്‍ പാറ്റ് കമ്മിന്‍സ്-നഥാന്‍ ലയണ്‍ സഖ്യം ചെറുത്ത്നില്പിനു ശ്രമിച്ചുവെങ്കിലും മെഹ്ദി ഹസന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. ഹാസല്‍വുഡിനെ വിക്കറ്റിനു മുന്നില്‍ കൂടുക്കി തൈജുല്‍ ഇസ്ലാം മൂന്നാം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ 20 റണ്‍സ് അകലെ ഓസ്ട്രേലിയ കീഴടങ്ങുകയായിരുന്നു. 70.5 ഓവറില്‍ ഓസ്ട്രേലിയ 244 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശിനു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റ് വിജയം കൂടിയായി ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതന്‍വീര്‍ മാജിക്കില്‍ ഗയാനയ്ക്ക് 99 റണ്‍സ് ജയം
Next articleഷര്‍ജീല്‍ ഖാന് അഞ്ച് വര്‍ഷം വിലക്ക്