ദുഷ്കരമായ ബാറ്റിംഗ് പിച്ചില്‍ വെസ്റ്റീന്‍ഡീസിനു ജയം, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

- Advertisement -

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 37.3 ഓവറില്‍ 135 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 39.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. 48 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഷായി ഹോപ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും കരീബിയിന്‍ പേസ് ബൗളിംഗിനു മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ പാട് പെടുകയായിരുന്നു അഫ്ഗാന്‍ ബാറ്റ്സ്മാന്മാര്‍. ഗുല്‍ബാദിന്‍ നൈബ് 51 റണ്‍സുമായി ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ മറ്റൊരു അഫ്ഗാന്‍ താരത്തിനു മികവ് പുലര്‍ത്താനായില്ല. രണ്ട് വിക്കറ്റ് വീതം നേടി ഷാനണ്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ആഷ്‍ലി നഴ്സ് എന്നിവരും റോഷ്ടണ്‍ ചേസ് ഒരു വിക്കറ്റും നേടി.

അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ വെസ്റ്റിന്‍ഡീസിനു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഷായി ഹോപ് നേടിയ 48 റണ്‍സാണ് ആതിഥേയര്‍ക്ക് വിജയം ഉറപ്പിച്ചത്. 33 റണ്‍സുമായി എവിന്‍ ലൂയിസും മികവ് പുലര്‍ത്തി. എന്നാല്‍ ലൂയിസ്-ഹോപ് കൂട്ടു കെട്ട് തകര്‍ത്ത് റാഷിദ് ഖാന്‍ വെസ്റ്റിന്‍ഡീസ് മധ്യ നിരയെ വട്ടം കറക്കുകയായിരുന്നു. ഗുല്‍ബാദിന്‍ നൈബും മുഹമ്മദ് നബിയും മധ്യനിരയെ കശക്കിയെറിഞ്ഞുവെങ്കിലും ലക്ഷ്യം തീരെ ചെറുതായിരുന്നത് കാര്യങ്ങള്‍ ആതിഥേയര്‍ക്കനകൂലമാക്കി. റോവ്‍മന്‍ പവല്‍ 17 റണ്‍സ് നേടിയ നിര്‍ണ്ണായകമായ ഒരു കൂട്ടുകെട്ട് ഷായി ഹോപുമായി പടുത്തുയര്‍ത്തിയിരുന്നു.

അഫ്ഗാന്‍ ബൗളര്‍മാരില്‍ പതിവു പോലെ റഷീദ് ഖാന്‍ 3 വിക്കറ്റുമായി മികച്ചു നിന്നു. ഗുല്‍ബാദിന്‍ നൈബ് രണ്ടും മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement