ഒമാനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍

ഒമാനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ഡെസേര്‍ട് ടി20 ഫൈനലിലേക്ക്. ഒമാന്റെ 149 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്സായി ഒമാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

സീഷാന്‍ മക്സൂദ്(33), ഖുറം നവാസ് ഖാന്‍(24), മുഹമ്മദ് നസീം ഖുഷി(29) എന്നിവരായിരുന്നു ഒമാനു വേണ്ടിയുള്ള പ്രധാന സ്കോറര്‍മാര്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ ബൗളര്‍മാര്‍ ഒമാനെ കൂറ്റന്‍ സ്കോറിലേക്ക് കടക്കുവാന്‍ അനുവദിച്ചില്ല. ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റഷീദ് ഖാന്‍ തന്റെ 4 ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 2 വിക്കറ്റുകള്‍ വീഴ്ത്തി. സമീയുള്ള ഷെന്‍വാരി, അമീര്‍ ഹംസ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

വെടിക്കെട്ട് ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദിന്റെ ബാറ്റിംഗായിരുന്നു അഫ്ഗാന്‍ ഇന്നിംഗ്സിന്റെ ആകര്‍ഷണം. 60 പന്തില്‍ 3 സിക്സറുകളും 8 ഫോറുകളുടെയും സഹായത്തോടെയാണ് ഷെഹ്സാദ് 80 റണ്‍സ് നേടിയത്. നവ്രോസ് മംഗലുമായി ചേര്‍ന്ന് 91 റണ്‍സ് കൂട്ടുകെട്ടാണ് ഷെഹ്സാദ് ആദ്യ വിക്കറ്റില്‍ നേടിയത്. മംഗല്‍(34), അസ്ഗര്‍(25*) എന്നിവരായിരുന്നു അഫ്ഗാനിസ്ഥാന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇന്ന് രാത്രി നടക്കുന്ന ഫൈനലില്‍ അയര്‍ലണ്ട്-സ്കോട്‍ലാന്‍ഡ് വിജയികളെയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുക.