Site icon Fanport

പൊരുതി നോക്കി ഷദബ് ഖാന്‍, വിജയം കൈപ്പിടിയിലാക്കി ഇംഗ്ലണ്ട് പരമ്പരയിലൊപ്പം

ഇംഗ്ലണ്ട് നല്‍കിയ 201 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന് നേടാനായത് 155 റൺസ്. ഇതോടെ ടി20 പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. ഓപ്പണര്‍മാരായ ബാബര്‍ അസമും(22) മുഹമ്മദ് റിസ്വാനും(37) മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും പിന്നീട് വന്ന താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ ഇന്നിംഗ്സുകള്‍ പിറക്കാതിരുന്നതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

82/2 എന്ന നിലയില്‍ നിന്ന് 95/5 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാന് പിന്നീട് തിരിച്ചു കയറുവാന്‍ സാധിച്ചില്ല. വെറും 13 റൺസ് നേടുന്നതിനിടെയാണ് ടീം മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. മോയിന്‍ അലിയും ആദില്‍ റഷീദും ചേര്‍ന്നാണ് ആ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

105/6 എന്ന നിലയിലേക്ക് വീണ ടീമിനായി ഏഴാം വിക്കറ്റിൽ ഇമാദ് വസീം(13 പന്തിൽ 20) ഷദബ് ഖാന്‍ കൂട്ടുകെട്ട് 37 റൺസ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 45 റൺസ് അകലെ വരെ എത്തുവാന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളു.

ഷദബ് ഖാന്‍ പുറത്താകാതെ 22 പന്തിൽ 36 റൺസാണ് നേടിയത്. അവസാന വിക്കറ്റുകള്‍ നേടി സാഖിബ് മഹമ്മൂദും രംഗത്തെത്തിയപ്പോള്‍ പാക്കിസ്ഥാന്റെ ചെറുത്ത് നില്പ് അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍മാരായ ആദില്‍ റഷീദും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. സാഖിബ് മഹമ്മൂദ് മൂന്ന് വിക്കറ്റ് ലഭിച്ചു.

 

Exit mobile version