ഷദബ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച്, 3 റണ്‍സ് വിജയവുമായി പാക്കിസ്ഥാന്‍

മാര്‍ലന്‍ സാമുവല്‍സ്(44) ഉള്‍പ്പെടെ 4 വിക്കറ്റുകള്‍ വീഴ്ത്തി ഷദബ് ഖാന്‍ വെസ്റ്റിന്‍ഡീസിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ പാക്കിസ്ഥാനു 3 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു 20 ഓവറുകളില്‍ 132 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും തന്നെ 30നു മേലുള്ള സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ അവര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഷൊയബ് മാലിക്(28) ടോപ് സ്കോറര്‍ ആയപ്പോള്‍, ബാബര്‍ അസം 27 റണ്‍സ് നേടി. 95/8 എന്ന നിലയിലേക്ക് തകര്‍ന്ന പാക്കിസ്ഥാന്റെ തുണയ്ക്ക് എത്തിയത് വാലറ്റത്തില്‍ വഹാബ് റിയാസ് നേടിയ 24 റണ്‍സാണ്. 10 പന്തില്‍ നിന്നാണ് വഹാബ് ഈ റണ്‍സ് നേടിയത്. ഷദബ് ഖാന്‍ 13 റണ്‍സ് നേടി ഒമ്പതാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടുകെട്ട് വഹാബുമായി ചേര്‍ന്ന് നേടി.

വെസ്റ്റിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ്, സുനില്‍ നരൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാമുവല്‍ ബദ്രി രണ്ടും കെസ്രിക് വില്യംസ് ഒരു വിക്കറ്റും വീഴ്ത്തി.

മാര്‍ലന്‍ സാമുവല്‍സിന്റെ ആക്രണോത്സുക ബാറ്റിംഗ് കണ്ട വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിനെ 18 വയസ്സുകാരന്‍ ഷദബ് ഖാന്‍ വരിഞ്ഞുകെട്ടുകയായിരുന്നു. തന്റെ നാല് ഓവറില്‍ 14 റണ്‍സ് നേടി നാല് വിക്കറ്റുകള്‍ വീഴ്ത്തി തന്റെ രണ്ടാം മത്സരത്തില്‍ രണ്ടാം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കുകയായിരുന്നു ഈ പാക് താരം. ഇമാദ് വസീമിനെ ഒരോവറില്‍ 19 റണ്‍സ് നേടി സാമുവല്‍സ് മുന്നേറുമ്പോളായിരുന്നു ഷദബ് ഖാന്‍ രംഗത്തെത്തുന്നത്. 60/1 ല്‍ നിന്ന് 81/6ലേക്ക് ആതിഥേയര്‍ തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 45 റണ്‍സാണ് മാര്‍ലന്‍ സാമുവല്‍സ് സ്വന്തമാക്കിയത്. ഏഴാം വിക്കറ്റില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറും(26*) കാര്‍ലോസ് ബ്രാത്‍വൈറ്റും(15) ചേര്‍ന്ന് കരീബിയന്‍ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിച്ചുവെങ്കിലും വഹാബ് റിയാസ് ബ്രാത്‍വൈറ്റിനെ മടക്കിയയച്ചു. ഹസന്‍ അലി എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസിനു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളില്‍ രണ്ട് ബൗണ്ടറി പറത്തി നരൈന്‍ ലക്ഷ്യം 4 പന്തില്‍ 6 ആക്കി ചുരുക്കി. അടുത്ത പന്ത് റണ്ണെടുക്കാന്‍ നരൈന്‍ കഴിയാതെ വന്നപ്പോള്‍ നാലാം പന്ത് വൈഡ് എറിഞ്ഞ് ഹസന്‍ അലി വീണ്ടും വെസ്റ്റിന്‍ഡീസ് ക്യാംപുകളില്‍ പ്രതീക്ഷ പരത്തി. നിലവിലെ ടി20 ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ഇവിടുന്ന് മത്സരം ജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുവെങ്കിലും അടുത്ത പന്ത് ഡോട്ടാക്കി മാറ്റുകയും പിന്നീട് റണ്‍ഔട്ട് രൂപത്തില്‍ നരൈനെ പുറത്താക്കി ഹസന്‍ ലക്ഷ്യം ഒരു പന്തില്‍ 5 ആക്കി മാറ്റി. അവസാന പന്തില്‍ ഒരു റണ്‍ മാത്രമേ ഹോള്‍ഡര്‍ക്ക് നേടാനായുള്ളു.

വിജയത്തോടു കൂടി പരമ്പരയില്‍ പാക്കിസ്ഥാന്‍ 2-0 ന്റെ ലീഡ് നേടിയിട്ടുണ്ട്. തന്റെ ബൗളിംഗ് പ്രകടനത്തിനു ശദബ് ഖാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. വഹാബ് റിയാസ്, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleഅവസാന ഓവറില്‍ ഈറമിനെ മറികടന്ന് അക്യുബിറ്റ്സ്
Next articleCan the Sun rise in Hyderabad, again?