
വിരേന്ദര്‍ സേവാഗ് എന്ന പ്രതിഭ ബാറ്റ് പിടിച്ച് കളിക്കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക ചേലാണ്. ഒരു നിമിഷം പോലും മനസ്സ് പതറാതെ കളിക്കും. ക്രീസില്‍ വരുന്ന നിമിഷം തൊട്ട് എന്ത് ചെയ്യണം എന്ന് ഒരു കണിക പോലും സംശയം ഇല്ലാത്ത പ്രതിഭ. ഒരിക്കല്‍ സേവാഗ് ഒരു അഭിമുഖത്തില്‍ പറയുക ഉണ്ടായി, ”ബ്രെറ്റ് ലീയും ഷോഹൈബ് അഖ്തര്‍ ഒക്കെ നന്നായി പന്ത് എരിയുന്നവര്‍ ആണ് പക്ഷെ എനിക്ക് ഇവരെ ഒക്കെ സിക്സും ഫോറും അടിക്കാന്‍ അറിയാം”. ഇതായിരുന്നു സേവാഗിന്റെ മനോഭാവം. അത് പക്ഷെ ഒരു അഹങ്കാരം ആയിരുന്നില്ല ആത്മവിശ്വാസം ആയിരുന്നു. സേവാഗ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെ അല്ലായിരുന്നു. കുറച്ച് നാണവും അല്പം ആത്മവിശ്വാസം ഇല്ലായ്മയും ഉണ്ടായിരുന്നു. സേവാഗ് കളിക്കാന്‍ തുടങ്ങിയത് മധ്യനിരയില്‍ ആയിരുന്നു. അവിടുന്ന് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ഉള്ള ധൈര്യവും അവസരവും നല്‍കിയത് അന്നത്തെ ക്യാപ്റ്റന്‍ ആയിരുന്ന സൗരവ് ഗാംഗുലി ആയിരുന്നു. സേവാഗിനെ വളര്‍ത്തിയത് ഈ ആത്മവിശ്വാസം ആണ്.
സേവാഗ് ആദ്യമായി ഓപ്പണ്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഗാംഗുലി സേവാഗിനെ ഉപദേശിച്ചത് ഇങ്ങനെ,” നിനക്ക് ഇഷ്ടം ഉള്ള രീതിയില്‍ നിനക്ക് കളിക്കാം, ആരും നിന്നെ തൊടില്ല, ആരും നിന്നെ പുറത്താക്കില്ല.” സേവഗ് എല്ലാ ഫോര്‍മാറ്റിലും ഒരേപോലെ കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ആണ് താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇതിന് കാരണം വേറെ ഒന്നുമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്നവര്‍ ഒക്കെ അടുത്ത് ആയിരിക്കും നില്ക്കുക. അപ്പോള്‍ സിക്സും ഫോറും ഒഴുകും. ടെസ്റ്റ് ക്രിക്കറ്റ് മുന്‍പ് കണ്ടിട്ടുള്ള ശൈലിയില്‍ അല്ല സേവാഗ് കളിച്ചിരുന്നത്. ഇതിനുമുന്‍പ് ഒരു പക്ഷെ വിവിയന്‍ റിച്ചാര്‍ഡ്സ് ആവും ഇതേ ശൈലിയില്‍ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നത് അഞ്ചു ദിവസത്തെ കളി ആയത്കൊണ്ട് ബാറ്റ് ചെയ്യുന്ന കളിക്കാരന് പ്രതിരോധിച്ചു കളിക്കും എന്ന അനുമാനത്തില്‍ ആണല്ലോ. പക്ഷെ സേവാഗ് ആയതുകൊണ്ട് പ്രതിരോധം എന്ന വാക്ക് തന്റെ നിഘണ്ടുവില്‍ ഇല്ല! സേവാഗിന് എല്ലാം കയ്യേറ്റം ചെയ്ത് മാത്രമേ ശീലം ഉള്ളു.
സേവാഗ് അല്ലെങ്കില്‍ നമ്മുടെ ഒക്കെ വീരുവിന് ഒരു പേര് കൂടി ഉണ്ട്- സുല്താന് ഓഫ് മുള്‍ത്താന്‍. ഇത് സേവാഗ് തനിയെ ഇട്ട പേരല്ല. 2004 ലെ ഒരു ഇന്ത്യ-പാക്കിസ്ഥാന് പര്യടനത്തില്‍ വെച്ച് വന്നു ചേര്‍ന്നത് ആണ്. ടെസ്റ്റ് പരമ്പര ആണ് സംഭവം. ആദ്യ ടെസ്റ്റ് മുല്‍താനില്‍ വെച്ച് ആയിരുന്നു. ശോഹൈബ് അഖ്തര്‍, സമി, ശബ്ബീര് എന്നിവര്‍ അടങ്ങിയ ബോളിംഗ് നിര മികച്ചത് ആയിരുന്നു. ബാക്കിയെല്ലാവരും അവരെ നേരിട്ടത് പെടിച്ചുകൊണ്ടും അങ്ങേയറ്റം സൂക്ഷ്മതയോടെയും ആയിരുന്നു. സേവാഗ് ആണെങ്കില്‍ സിക്സും ഫോറും മാത്രം അടിക്കുന്നു. അഖ്തര്‍ പന്തെറിയാന്‍ വന്നത് തന്നെ അബദ്ധമായി പോയി എന്ന മട്ടില്‍ ആയിരുന്നു. ലോക ക്രിക്കറ്റ് തന്നെ കണ്ടിട്ടുള്ള മികച്ച സ്പിന്‍ മാന്ത്രികന് ആയിരുന്നു സഖ്ലൈന് മുഷ്താക്. അതുകൊണ്ട് തന്നെ സഖ്ലൈനിനു ആണ് ഏറ്റവും കൂടുതല്‍ കിട്ടിയത്! അങ്ങനെ ഒരു സഖ്ലൈന് പന്തില്‍ ആണ് സിക്സ് അടിച്ച് മുന്നൂറ് തികച്ചത്. ഒരു ടെസ്റ്റ് ഇന്നിങ്ങ്സില്‍ മുന്നൂറ് റണ്‍സ് എടുക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിയും നേടി. ഈ ഇന്നിംഗ്സ് ഇനി വരാന്‍ ഇരിക്കുന്ന ഭാവിയിലെ വെടിക്കെട്ടുകളുടെ ഒരു തുടക്കം മാത്രം ആയിരുന്നു.
ചെന്നൈയില്‍ 2008 ഇല് ദക്ഷിണാഫ്രിക്ക ആയി നടന്ന ടെസ്റ്റില്‍ ആയിരുന്നു അടുത്ത് മുന്നൂറ്. അത് എടുത്ത് ആണെങ്കില്‍ വെറും 278 പന്തുകളില്‍. ഇന്നും അത് ഒരു ലോക റെക്കോര്‍ഡ് ആയി തുടരുന്നു. സേവാഗ് ടെസ്റ്റില്‍ ആകെ മൊത്തം ഇരുപത്തിമൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 49.34 ആണ് ടെസ്റ്റ് കരിയറിലെ ബാറ്റിംഗ് ശരാശരി. ഇത് വളരെ മികച്ചത് ആണ്. ഈ കാലത്ത് ഒക്കെയാണ് അജന്ത മെണ്ടിസ് എന്ന സ്പിന്‍ മാന്ത്രികന് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ആരും നേരെ ചൊവ്വേ കളിച്ചിട്ടില്ല. കളിച്ച എല്ലാവരും മെണ്ടിസിനു ഇരകളായി. ഇന്ത്യ ശ്രിലങ്കന്‍ പര്യടനത്തിനായി ശ്രിലങ്കയില്‍ പോയി. മെണ്ടിസ് എന്ന അപകടം ഉണ്ടായി. പ്രതീക്ഷക്ക് അതീതമായി സേവാഗ് മെണ്ടിസിനെ മനോഹരമായി കളിച്ചു. ഒരു ഇരട്ട സെഞ്ചുറിയും നേടി. അങ്ങനെ ലോകത്തിന് കാണിച്ച് കൊടുത്തു മെണ്ടിസ് എന്ന സ്പിന്‍ മാന്ത്രികന്റെ നിസ്സഹായത്.
പിന്നീട് സേവാഗ് കളിച്ച ഒരു ഇന്നിംഗ്സ് മനസ്സില്‍ നില്‍ക്കുന്നത് മെല്‍ബണില്‍ നേടിയ 195 ആണ്. സേവാഗിനെ കുറിച്ച് പരക്കെ ഒരു ആരോപണം ഉണ്ടായിരുന്നു, അദ്ദേഹത്തിന് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, തുടങ്ങിയ ഗ്രൗണ്ടുകള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് ആണെന്ന്. അതൊക്കെ കാറ്റില്‍ പറത്തിയ ഇന്നിംഗ്സ് കൂടി ആയിരുന്നു അത്. ടെസ്റ്റില്‍ ഇതല്ലാതെ ഇനിയും ഉണ്ട് വീരുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ഒരുപാടു പന്തുകളും അത് എരിഞ്ഞവരും. ബ്രെറ്റ് ലീ മുതല്‍ ശോഹൈബ് അഖ്തര്‍ വരെ മുട്ടുകുത്തിയത് ആണ് വീരു എന്ന മാസ്സ് ഹീറോയുടെ മുന്നില്‍.
ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും തന്റെ ഒരു മുദ്ര പതിച്ചിട്ടുണ്ട് സേവാഗ്. ലോകകപ്പ്ക്രിക്കറ്റില് ഇന്ത്യ കപ്പ് നേടുന്നതില്‍ നിര്‍ണായക ഇന്നിങ്ങ്സുകള്‍ കളിച്ചിട്ടുണ്ട്. അത് മാത്രമല്ല ഇന്ത്യ ഫൈനലില്‍ പുറത്തായ 2003 ലോകകപ്പില്‍ ഇന്ത്യയെ ഒരു നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് സേവാഗ് തന്നെ. ഓസ്ട്രേലിയ ആയി എടുത്ത 82 റണ്‍സ് എക്കാലത്തെയും മികച്ച ലോകകപ്പ് ഇന്നിങ്ങ്സുകളില്‍ ഒന്നാണ്. രോഹിത് ശര്‍മ 264 എടുക്കുന്നതിനു മുന്‍പ് ഏകദിനത്തിലെ മികച്ച ഇന്നിംഗ്സ് സേവാഗിന്റെ ആയിരുന്നു, വെസ്റ്റ് ഇന്‍ഡീസ് ആയി നേടിയ 219. സേവാഗ് സിക്സും ഫോറും പറപ്പിക്കുമ്പോള്‍ പലപ്പോഴും എതിര് ടീമുകള്‍ ആയുധം കീഴടങ്ങാരുണ്ട്. കാണികളെ ആവേശത്തില്‍ ആഴ്ത്തിയ മറ്റൊരു വീരു സ്പെഷ്യല്‍.
അങ്ങനെ എത്രയെത്ര ഇന്നിങ്ങ്സുകള്‍, സെഞ്ചുറികള്‍, കൂട്ടുകെട്ടുകള്‍. വീരു മയം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെ ആണ് വിരമിച്ചു ഇത്രയും നാള്‍ക്ക് ശേഷവും ഓരോ ഇന്ത്യന്‍ ആരാധകനും സ്നേഹത്തോടെ സ്മരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്ന് വെറുതെയല്ല ക്രിക്കറ്റ് നിരൂപകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. വിരേന്ദര്‍ സേവാഗ് നിങ്ങള്‍ ഒരു പ്രതിഭാസം ആണ്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ഒരു വജ്രം ആണ്.
സിംഗിള്‍ എടുക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നറിയാം എന്നാലും പറയുകയാണ്, അടുത്ത ഒരു സിംഗിള്‍ എടുത്തുകൊണ്ട് 38 ആം വയസ്സിലേക്ക് കേറുന്ന ഞങ്ങടെ വീരുവിന് ജന്മദിനാശംസകള്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial