
പരമ്പരയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 115 റണ്‍സിനു പരാജയപ്പെടുത്തി കൂറ്റന്‍ വിജയവുമായി പരമ്പര സ്വന്തമാക്കി സ്കോട്ലാന്ഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന് 221/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 14ാം ഓവറില്‍ നെതര്‍ലാണ്ട്സ് 106 റണ്‍സിനു ഓള്‍ഔട്ട് ആയി. ആദ്യ രണ്ട് മത്സരങ്ങളില്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തി മികച്ച രീതിയില്‍ തുടങ്ങിയ നെതര്‍ലാണ്ട്സിനു സ്കോട്ലാന്ഡിനെതിരെയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു ജയം മതിയായിരുന്നു കിരീടം ഉയര്‍ത്തുവാന്‍. എന്നാല്‍ ടീമിനു രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ കിരീട നേട്ടം സ്കോട്ലാന്ഡ് ആവര്‍ത്തിച്ചു.
നാല് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു പരാജയവും ഒരു സമനിലയുമായി അഞ്ച് പോയിന്റാണ് സ്കോട്ലാന്ഡ് നേടിയത്. നെതര്‍ലാണ്ട്സിനു നാലും അയര്‍ലണ്ടിനു മൂന്നും പോയിന്റാണ് ലഭിച്ചത്.
ജോര്‍ജ്ജ് മുന്‍സേ, മാത്യൂ ക്രോസ്, റിച്ചി ബെറിംഗ്ടണ്‍ എന്നിവരുടെ അര്‍ദ്ധ ശതകമാണ് സ്കോട്ലാന്ഡിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മുന്‍സി 71 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റിച്ചി ബെറിംഗ്ടണ്‍ 64 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാത്യൂ ക്രോസ് 50 റണ്‍സ് നേടി.
ഹംസ് താഹിര്‍ മൂന്ന് വിക്കറ്റ് നേടി നെതര്‍ലാണ്ട്സ് നടു ഒടിച്ചപ്പോള്‍ പന്തെറിഞ്ഞ എല്ലാവര്ക്കും വിക്കറ്റുകള്‍ നേടിയ മത്സരത്തില്‍ 14 ഓവറുകള്‍ മാത്രമാണ് നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് നീണ്ട് നിന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
