
മാറി മറിഞ്ഞ മത്സരഗതിയ്ക്കൊടുവില് സ്കോട്ലാന്ഡിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടരാനാകാതെ ഇംഗ്ലണ്ട്. 7 പന്തുകള്‍ ശേഷിക്കെ സ്കോട്ലാന്ഡ് സ്കോറിനു 6 റണ്‍സ് അകലെ വരെ എത്തുവാന്‍ ഇംഗ്ലണ്ടിനു സാധിച്ചുവെങ്കിലും അന്തിമ ജയം സ്കോട്ലാന്ഡിനൊപ്പമാകുകയായിരുന്നു. 47 റണ്‍സുമായി ലിയാം പ്ലങ്കറ്റ് ഒരു വശത്ത് നിന്നുവെങ്കിലും അവസാന രണ്ട് വിക്കറ്റുകള്‍ അനായാസം വീണത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ഇത് ആദ്യമായാണ് ഇംഗ്ലണ്ടിനെ സ്കോട്ലാന്ഡ് ഏകദിനങ്ങളില്‍ പരാജയപ്പെടുത്തുന്നത്.
372 റണ്‍സ് വിജയലക്ഷ്യം തേടിയിറിങ്ങിയ ഇംഗ്ലണ്ടിനു ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ശതകം അനുയോജ്യമായ തുടക്കമാണ് നല്‍കിയത്. 59 പന്തില്‍ 105 റണ്‍സ് നേടി ബൈര്‍സ്റ്റോ പുറത്തായ ശേഷം അലക്സ് ഹെയില്‍സ് അര്‍ദ്ധ ശതകവുമായി ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി. വേണ്ടത്ര വേഗത ഇന്നിംഗ്സിനില്ലായിരുന്നുവെങ്കിലും നിര്‍ണ്ണായകമായ റണ്‍സാണ് ഹെയില്‍സും നേടിയത്.
ജോ റൂട്ട്(29), ഓയിന്‍ മോര്ഗന്(20) എന്നിവരെ വേഗം മടക്കിയയച്ച് സ്കോട്ലാന്ഡ് മത്സരത്തില്‍ പിടിമുറുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തുന്നത്. 71 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് മോയിന്‍ അലിയും ലിയാം പ്ലങ്കറ്റും ചേര്‍ന്ന് നേടിയത്. 33 പന്തില്‍ 46 റണ്‍സ് നേടി മോയിന്‍ അലി പുറത്തായെങ്കിലും ആദില്‍ റഷീദിനെ കൂട്ടുപിടിച്ച് ലിയം പ്ലങ്കറ്റ് ഇംഗ്ലണ്ടിന്റെ റണ്‍വേട്ട തുടര്‍ന്നു.
രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ 11 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനു ഓവറിലെ ആദ്യ പന്തില്‍ തന്നെ റണ്‍ഔട്ട് രൂപത്തതില്‍ ആദില്‍ റഷീദിനെ നഷ്ടമായി. ഓവറിലെ അഞ്ചാം പന്തില്‍ മാര്‍ക്ക് വുഡിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സഫ്യാന്‍ ഷറീഫ് സ്കോട്ലാന്ഡിനെ 6 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.
സ്കോട്ലാന്ഡിനു വേണ്ടി മാര്‍ക്ക് വാട്ട് മൂന്നും അലസ്ഡൈര് ഇവാന്‍സ്, റിച്ചി ബെറിംഗ്ടണ്‍ എന്നിവര്‍ രണ്ടു വിക്കറ്റും നേടി. നിര്‍ണ്ണായകമായ പത്താം വിക്കറ്റ് വീഴ്ത്തി സഫ്യാന്‍ ഷെറീഫ് ആണ് സ്കോട്ലാന്ഡിന്റെ ചരിത്ര വിജയം ഉറപ്പാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial