
ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം സിംബാവ്വേയ്ക്കെതിരെ 26 റണ്‍സ് വിജയം സ്വന്തമാക്കി സ്കോട്ലാന്ഡ്. ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നേടിയ സ്കോട്ലാന്ഡിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 41.4 ഓവറില്‍ 272 റണ്‍സിനു ഓള്‍ഔട്ട് ആയി. മഴ പലപ്പോഴായി തടസ്സപ്പെടുത്തിയ മത്സരത്തില്‍ മഴ നിയമം മൂലം 26 റണ്‍സിന്റെ വിജയമാണ് സ്കോട്ലാന്ഡ് നേടിയത്.
നായകന് കൈല്‍ കോയേറ്റ്സര്‍ (109) നേടിയ ശതകവും ആറാം വിക്കറ്റില്‍ 52 പന്തില്‍ 83 റണ്‍സ് നേടിയ ക്രെയിഗ് വാലെസ്(58), മൈക്കല്‍ ലീസക്(59) കൂട്ടുകെട്ടാണ് സ്കോട്ലാന്ഡിനെ 300 കടക്കാന്‍ സഹായിച്ചത്. മാത്യൂ ക്രോസ് 33 റണ്‍സുമായി നായകനോടൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ആതിഥേയര്‍ക്ക് നല്‍കിയത്. സിംബാബ്വേയ്ക്ക് വേണ്ടി ഷോണ്‍ വില്യംസ് രണ്ടും തെണ്ടായി ചതാര, റിച്ചാര്‍ഡ് ഗാരാവ, സികന്ദര്‍ റാസ, ഗ്രീം ക്രെമര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സോളമണ്‍ മീര്‍, ഹാമിള്ട്ടണ് മസകാഡസ എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം സിംബാബ്വേയ്ക്ക് നല്‍കിയെങ്കിലും അനാവശ്യമായ റണ്‍ഔട്ട് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. 38 റണ്‍സ് നേടിയ ഹാമിള്ട്ടണ് പുറത്തായി അതേ ഓവറില്‍ തന്നെ ക്രെയിഗ് ഇര്‍വിനെയും സിംബാബ്വേയ്ക്ക് നഷ്ടമായി. മഴയെത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട് 107 റണ്‍സ് എന്ന നിലയിലുള്ള സിംബാബ്വേ മഴ നിയമപ്രകാരം 58 റണ്‍സ് പിന്നിലായിരുന്നു.
മത്സരം പുനരാരംഭിച്ച ശേഷം സിംബാബ്വേയുടെ ലക്ഷ്യം 299 റണ്‍സായി മാറ്റി നിശ്ചയിക്കുകയായിരുന്നു. ഷോണ്‍ വില്യംസ് (70) പുറത്താകുമ്പോള്‍ 171/6 എന്ന നിലയിലായിരുന്ന സിംബാബ്വേയ്ക്ക് പ്രതീക്ഷ നല്‍കിയത് മാല്‍ക്കം വാല്ലറുടെ ഇന്നിംഗ്സായിരുന്നു. 32 പന്തില്‍ 5 സിക്സറുകളും 10 ബൗണ്ടറിയുമടക്കം 92 റണ്‍സ് നേടിയ വാല്ലറുടെ ഇന്നിംഗ്സ് മത്സരം സിംബാബ്വേയ്ക്ക് അനുകൂലമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കോണ്‍ ഡി ലാംഗ് വാല്ലറേ പുറത്താക്കി സ്കോട്ലാന്ഡിനു ചരിത്രം വിജയം സമ്മാനിക്കുകകയായിരുന്നു. വിവാദമായ ഒരു പുറത്താകലായിരുന്നു വാല്ലറുടേത്, ബൗണ്ടറി ലൈനില്‍ ക്യാച്ച് പൂര്‍ത്തിയാക്കിയ സോളമണ്‍ മീര്‍ റോപ്പില്‍ ചവിട്ടിയെന്നാണ് റീപ്ലേകള്‍ സൂചിപ്പിക്കുന്നത്.
വാല്ലറുടെ ഉള്‍പ്പെടെ മത്സരത്തില്‍ 5 വിക്കറ്റ് നേടിയ കോണ്‍ ഡി ലാംഗ് സ്കോട്ലാന്ഡിനായി തിളങ്ങി. റിച്ചി ബെനിംഗ്ടണ്, ക്രിസ് സോള്‍. സഫ്യാന്‍ ഷെറിഫ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍. ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ വിജയം എന്ന ചരിത്ര നേട്ടമാണ് ഇന്നലത്തെ മത്സരം വിജയിച്ചത് വഴി സ്കോട്ലാന്ഡ് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്നോടിയായി ശ്രീലങ്കയെ പരിശീലന മത്സരത്തില്‍ സ്കോട്ലാന്ഡ് അടിയറവു പറയിപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial