സ്കോട്‍ലാന്‍ഡിനു വിജയമൊരുക്കി ബൗളര്‍മാര്‍

- Advertisement -

ടോണി സോളും അലാസ്ഡൈര്‍ ഇവാന്‍സും വിക്കറ്റുകളുമായി ഹോങ്കോംഗ് ബാറ്റിംഗിനെ പിടിച്ചുകെട്ടിയപ്പോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി സ്കോട്‍ലാന്‍ഡ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗിനെ 38.2 ഓവറില്‍ 91 റണ്‍സിനാണ് സ്കോട്‍ലാന്‍ഡ് പുറത്താക്കിയത്. ടോം സോള്‍ തന്റെ 10 ഓവറില്‍ 5 മെയിഡനുകള്‍ ഉള്‍പ്പെടെ 4 വിക്കറ്റാണ് 15 റണ്‍സ് വഴങ്ങി നേടിയത്. ഇവാന്‍സ് മൂന്നും മാര്‍ക്ക് വാട്ട് രണ്ടും വിക്കറ്റാണ് വിജയികള്‍ക്കായി നേടിയത്. ഹോങ്കോംഗിന്റെ നിസാകത് ഖാന്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡിനു ലക്ഷ്യം നേടുന്നതിനിടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. 41 റണ്‍സുമായി പുറത്താകാതെ നിന്ന കൈല്‍ കോയെറ്റ്സര്‍ ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 23.3 ഓവറിലാണ് ജയം സ്വന്തമാക്കാന്‍ സ്കോട്‍ലാന്‍ഡിനായത്. ജോര്‍ജ്ജ് മുന്‍സി 22 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം സ്കോട്‍ലാന്‍ഡിനായി നടത്തി.

ഹോങ്കോംഗിന്റെ ബൗളര്‍മാരില്‍ എഹ്സാന്‍ ജോഡികളാണ് തിളങ്ങിയത്. എഹ്സാന്‍ ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എഹ്സാന്‍ നവാസ് രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement