സ്പോര്‍ട്സ് ഹബ്ബിലെ കാണികള്‍ക്ക് വിരുന്നൊരുക്കി സഞ്ജു സാംസണ്‍, ശതകം 9 റണ്‍സ് അകലെ നഷ്ടം, കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അവസാന ഏകദിനം മഴ മൂലം 20 ഓവറാക്കി ചുരുക്കിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ യ്ക്ക് പ്രശാന്ത് ചോപ്രയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 204/4 എന്ന സ്കോര്‍ നേടി ഇന്ത്യ. സഞ്ജുവിനൊപ്പം ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 135 റണ്‍സാണ് നേടിയത്. 36 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ധവാന്‍ പുറത്തായ ശേഷവും സഞ്ജു സാംസണ്‍ തന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് തുടരുകയായിരുന്നു.

15.5 ഓവറില്‍ സഞ്ജു പുറത്താകുമ്പോള്‍ 160/3 എന്ന നിലയിലായിരുന്നു ഇന്ത്യ. 48 പന്തില്‍ നിന്ന് 6 ഫോറും 7 സിക്സും അടക്കമായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 91 റണ്‍സ് നേടിയ താരത്തെയും ശിഖര്‍ ധവാനെയും പുറത്താക്കിയത് ജോര്‍ജ്ജ് ലിന്‍ഡേയായിരുന്നു. സഞ്ജു പുറത്തായ ശേഷം ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ബാറ്റിംഗിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് ഇന്ത്യ നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 36 റണ്‍സ് നേടി പുറത്തായി.

Exit mobile version