സണ്ടകന്‍ ഗൂഗ്ലി ഏറിയുവാന്‍ ഏറെ വൈകി

- Advertisement -

ഫിറോസ് ഷാ കോട്‍ല ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്കയ്ക്ക് ഓര്‍ത്തുവയ്ക്കുവാന്‍ തക്ക പ്രകടനം ഒന്നും തന്നെ ഇല്ലായിരുന്നു. ആദ്യ സെഷനിലും അവസാന സെഷനിലും ഏറെ വൈകിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തുവാന്‍ കഴിഞ്ഞത് മാറ്റിവെച്ചാല്‍ കാര്യമായി എടുത്തുപറയാവുന്ന പ്രകടനം ടീമില്‍ നിന്നുണ്ടായില്ല. ദില്‍രുവന്‍ പെരേര ടെസ്റ്റിലെ 100 വിക്കറ്റ് അതിവേഗം നേടി വ്യക്തിഗത നേട്ടം ആഘോഷിച്ചുവെങ്കിലും ആദ്യ ദിവസം ഇന്ത്യയുടെ സമ്പൂര്‍ണ്ണ മേല്‍ക്കൈ തന്നെയായിരുന്നു. രണ്ടാം സെഷനില്‍ വിക്കറ്റ് നേടുവാന്‍ കഴിയാതെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടുകയും ചെയ്തു.

രണ്ടാം സെഷനില്‍ ദിവസം അവസാനിക്കുന്നതിനു തൊട്ട് മുമ്പാണ് ലക്ഷന്‍ സണ്ടകന്റെ തന്റെ തുടരെയുള്ള ഓവറുകളില്‍ മുരളി വിജയെയും അജിങ്ക്യ രഹാനയെയും പുറത്താക്കി ശ്രീലങ്കയ്ക്ക് ആശ്വസിക്കുവാനുള്ള വക നല്‍കിയത്. രണ്ട് വിക്കറ്റുകളും ഗൂഗ്ലിയില്‍ നിന്നായിരുന്നു എന്നത് ശ്രദ്ധേയം. ഇരു ബാറ്റ്സ്മാന്മാരും സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. എന്നാല്‍ താരം നേരത്തെ ഗൂഗ്ലി എറിയണമായിരുന്നു എന്നാണ് ശ്രീലങ്കന്‍ ബൗളിംഗ് കോച്ച് റുമേഷ് രത്നായകേ അഭിപ്രായപ്പെട്ടത്.

കഴിവുള്ള കളിക്കാരനാണെങ്കിലും എപ്പോള്‍ ഏത് പന്തെറിയണമെന്നത് സണ്ടകന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നു രത്നായകേ അഭിപ്രായപ്പെട്ടു. ഹെരാത്തിനു പകരക്കാരനായി ടീമില്‍ എത്തുമ്പോള്‍ അതിനൊത്ത പ്രകടനം പുറത്തെടുക്കുവാന്‍ യുവ താരം ബാധ്യസ്ഥനാണെന്ന് ശ്രീലങ്കന്‍ കോച്ച് പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഗൂഗ്ലി ആദ്യ സെഷനില്‍ തന്നെ എറിയണമായിരുന്നു എന്നും അതാണ് ചായ സമയത്ത് ടീം മാനേജ്മെന്റ് ചര്‍ച്ച ചെയ്തതെന്നും പറഞ്ഞ രത്നായകേ പക്ഷേ താരം ഏറെ വൈകി മാത്രമാണ് അതിനു മുതിര്‍ന്നതെന്നും അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement