
ന്യൂസിലാണ്ട് ഉയര്‍ത്തിയ 369 റണ്‍സ് ചേസ് ചെയ്ത പാക്കിസ്ഥാന് അഞ്ചാം ദിനം 230 നു പുറത്തായപ്പോള്‍ ഹാമിള്ട്ടണ് ടെസ്റ്റ് ന്യൂസിലാണ്ട് 138 റണ്‍സ് വിജയം സ്വന്തമാക്കി. നീല്‍ വാഗ്നര്‍ 3 വിക്കറ്റും ടിം സൗത്തിയും സാന്റനറും 2 വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാന് നിരയില്‍ ഓപ്പണര്‍മാരായ സമി അസ്ലവും ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും മാത്രമാണ് പിടിച്ച് നിന്നത്. ടിം സൗത്തിയാണ് മാന്‍ ഓഫ് ദി മാച്ച്.
369 റണ്‍സ് വിജയലക്ഷ്യം നേടാനായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ സ്കോര്‍ 131 ല്‍ നില്‍ക്കെ 58 റണ്‍സെടുത്ത അസ്ഹര്‍ അലിയെ പുറത്താക്കി സാന്റനര്‍ പാക്കിസ്ഥാനു ആദ്യ പ്രഹരം ഏല്പിച്ചു. 16 റണ്‍സെടുത്ത ബാബര്‍ അസം ആയിരുന്നു സാന്റനറിന്റെ അടുത്ത ഇര. തന്റെ ശതകത്തോട് അടുക്കുകയായിരുന്ന സമി അസ്ലമിനെ(91) പുറത്താക്കി ടിം സൗത്തി പാക്കിസ്ഥാന്റെ വിജയ പ്രതീക്ഷ കെടുത്തി. 19 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദ് റണ്‍ഔട്ടായപ്പോള്‍ പാക്കിസ്ഥാന് സ്കോര്‍ 199-4.
എന്നാല്‍ പാക്കിസ്ഥാന് മധ്യനിരയ്ക്കോ വാലറ്റത്തിനെ ഓപ്പണര്‍മാര്‍ നല്കിയ തുടക്കം മുതലാക്കാനായില്ല. ഒരു ചെറുത്ത് നില്പ് പോലുമില്ലാതെയാണ് പാക് ബാറ്റിംഗ് നിര ന്യൂസിലാണ്ട് ബൗളിംഗിനു മുന്നില്‍ കീഴടങ്ങിയത്. വാലറ്റത്തെ മുഴുവന്‍ പൂജ്യത്തിനു പുറത്താക്കി നീല്‍ വാഗ്നര്‍ പാക്കിസ്ഥാന് ഇന്നിംഗ്സ് 230 റണ്‍സിനു ചുരുട്ടിക്കെട്ടി. പാക്കിസ്ഥാന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മുഹമ്മദ് റിസ്വാന് 13 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.
മാറ്റ് ഹെന്റി കോളിന് ഗ്രാന്‍ഡോം എന്നിവരായിരുന്നു ന്യൂസിലാണ്ട് നിരയില്‍ വിക്കറ്റ് നേടിയ മറ്റു ബൗളര്‍മാര്‍.