സമരവിക്രമയെ സിടി സ്കാനിനു വിധേയനാക്കി, രണ്ടാം ദിവസം കളിക്കുവാന്‍ സാധ്യതയില്ല

- Advertisement -

ദേഹത്ത് അടികൊണ്ട സദീര സമരവിക്രമയുടെ നില ആശങ്കാവഹമല്ലെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സിടി സ്കാനിനു വിധേയനായ താരത്തിനു കുഴപ്പമില്ലെന്നാണ് മെഡിക്കല്‍ ടീമിന്റെ കണ്ടെത്തല്‍. നാഗ്പൂര്‍ ടെസ്റ്റിലേതിനു സമാനമായി സദീര സമരവിക്രമയ്ക്ക് ഫിറോസ് ഷാ കോട്‍ല ടെസ്റ്റിലും ശരീരത്തില്‍ അടി കൊണ്ടിരുന്നു. മുരളി വിജയുടെ ഷോട്ട് ഫോര്‍വേഡ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് സമരവിക്രമയുടെ ഹെല്‍മറ്റിനു അടി കൊണ്ടത്. അടി കൊണ്ട് ശേഷവും ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്ത സദീരയെ അമ്പയര്‍ നിഗെല്‍ ലോംഗിന്റെ ആവശ്യപ്രകാരമാണ് ശ്രീലങ്കന്‍ ഫിസിയോ എത്തി പരിശോധിച്ചത്. അതിനു ശേഷം സിടി സ്കാനിനു വിധേയനായ താരത്തിനെ കളിക്കാന്‍ ആരോഗ്യവാനാണെന്ന് വിധിച്ചുവെങ്കിലും ശ്രീലങ്കന്‍ മാനേജ്മെന്റ് താരത്തോട് ഗ്രൗണ്ടിലിറങ്ങേണ്ട എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രശ്നങ്ങളൊന്നുമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയ്ക്ക് താരത്തെ നിരീക്ഷണത്തിനു വിധേയനാക്കിയ ശേഷം മാത്രമേ രണ്ടാം ദിവസം കളത്തിലറങ്ങേണ്ടതുണ്ടോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. നാഗ്പൂര്‍ ടെസ്റ്റിലും മുരളി വിജയുടെ ബാറ്റില്‍ നിന്ന് സമരവിക്രമയ്ക്ക് നെഞ്ചില്‍ അടി കിട്ടിയിരുന്നു. അന്നും എക്സ്റേ എടുത്ത ശേഷം വാരിയെല്ലിനു പൊട്ടലില്ലെന്നുറപ്പാക്കിയ ശേഷമാണ് താരം കളിക്കാനിറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement