
ബെന്‍ സ്റ്റോക്സിനു പരിക്കേല്ക്കുവാന് സാധ്യതയുണ്ടെന്നുള്ള ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിന്റെ കണ്ടെത്തല്‍ കാരണം പകരം കരുതല്‍ താരമായി സാം കറനെ ലീഡ്സ് ടെസ്റ്റിനുള്ള ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തി. ഇന്നലെ ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് സ്റ്റോക്സിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് താരം അന്നേ ദിവസം ബൗളിംഗ് ചെയ്യുകയുമുണ്ടായില്ല. ജൂണ്‍ 1നു ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റ്സ്മാനായി മാത്രം സ്റ്റോക്സ് പങ്കെടുക്കുവാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.
ലോക ഇലവന് ടീമില്‍ അംഗമായിരുന്ന സാം കറന് ഇന്ന് നടക്കുന്ന ചാരിറ്റി മത്സരത്തിന്റെ ഭാഗമാകാനാകില്ല. ഇന്ന് തന്നെ ലീഡ്സില്‍ താരം എത്തി ടീമിനൊപ്പം ചേരുന്നതിനാല്‍ ലോക ഇലവന്-വിന്‍ഡീസ് മത്സരത്തില്‍ താരത്തിനു പങ്കെടുക്കാനാകില്ല.
19 വയസ്സുകാരന് ഇടംകൈയ്യന്‍ പേസര്‍ ഇപ്പോള്‍ നടന്ന് വരുന്ന കൗണ്ടി സീസണില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. 4 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് താരം ഇതുവരെ സറേയ്ക്കായി നേടിയിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial