ആദ്യ ഗെയിം കൈവിട്ടു, എന്നിട്ടും ഫൈനലുറപ്പാക്കി സൈന

ഇന്തോനേഷ്യയുടെ റസ്സലി ഹാര്‍ട്‍വാനോട് ആദ്യം പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നത്. 46 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം 12-21നു സൈന കൈവിട്ടുവെങ്കിലും രണ്ട് മൂന്ന് ഗെയിമുകളില്‍ എതിരാളിയെ പത്ത് പോയിന്റ് പോലും നല്‍കാതെ മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 12-21, 21-7, 21-6.

ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ആണ് സൈനയുടെ എതിരാളി. മൂന്ന് ഗെയിം പോരാട്ടത്തില്‍ ചൈനയുടെ സിയോക്സിന്‍ ചെന്നിനെ കീഴടക്കിയാണ് ലൈന്‍ ഫൈനലില്‍ കടന്നത്. 21-11, 10-21, 21-18 എന്ന സ്കോറിനു 49 മിനുട്ട് നീണ്ട മത്സരത്തിലാണ് ഡെന്മാര്‍ക്ക് താരത്തിന്റെ വിജയം.

Exit mobile version