തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രക്ഷകനായി സബ്ബിര്‍ റഹ്മാന്‍

- Advertisement -

നിദാഹസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെ വട്ടം കറക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. യൂസുവേന്ദ്ര ചഹാലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടി. ബംഗ്ലാദേശ് നിരയില്‍ സബ്ബിര്‍ റഹ്മാന്‍ മാത്രമാണ് തിളങ്ങിയത്. റഹ്മാന്‍ 77 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 33/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് പിന്നീട് സബ്ബിര്‍ റഹ്മാനും മഹമ്മദുള്ളയും(21) ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തിയെങ്കിലും റണ്‍ഔട്ട് രൂപത്തില്‍ മഹമ്മദുള്ള പുറത്തായി.

ചഹാല്‍ തന്റെ നാലോവറില്‍ 18 റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ മൂന്നോവറില്‍ 10 റണ്‍സ് മാത്രം നല്‍കി ഒരു വിക്കറ്റ് നേടി. വാഷിംഗ്ടണ്‍ സുന്ദറിന്റെ അവസാന ഓവറില്‍ 10 റണ്‍സ് നേടാന്‍ ബംഗ്ലാദേശിനായി. 50 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ സബ്ബിര്‍ റഹ്മാന്റെ ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ 20 ഓവറില്‍ 166/8 എന്ന സ്കോറിലേക്ക് എത്തിച്ചത്. 7 ബൗണ്ടറിയും 4 സിക്സും അടങ്ങിയതായിരുന്നു സബ്ബിര്‍ റഹ്മാന്റെ ഇന്നിംഗ്സ്.

മെഹ്ദി ഹസന്‍ 7 പന്തില്‍ 19 റണ്‍സ് നേടി അവസാന ഓവറുകളില്‍ ബംഗ്ലാദേശ് സ്കോറിംഗിനു വേഗത നല്‍കി. ചഹാലിനും സുന്ദറിനും പുറമേ ജയ്ദേവ് ഉന‍ഡ്കട് രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement