പുത്തരിയില്‍ തന്നെ കല്ല് കടി, ടി20 ഗ്ലോബല്‍ ലീഗ് അടുത്ത നവംബറിലേക്ക് മാറ്റി

ഏറെ പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കാത്തിരുന്ന ടി20 ഗ്ലോബല്‍ ലീഗ് അടുത്ത വര്‍ഷം നവംബറിലേക്ക് മാറ്റിയതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. നവംബര്‍ 3നു മത്സരം തുടങ്ങാനിരിക്കെയാണ് ഇന്ന് രാവിലെ(ദക്ഷിണാഫ്രിക്കന്‍ സമയം) ചേര്‍ന്ന യോഗത്തില്‍ ദക്ഷിണാഫ്രിക്ക ബോര്‍ഡ് അംഗങ്ങള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

എല്ലാം ഫ്രാഞ്ചൈസി ഉടമകളോടും ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍മാരും മറ്റു വ്യക്തികളോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനം എടുത്തതെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ലീഗ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം നവംബര്‍ മൂന്നിനു നടക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികാരികള്‍ വ്യക്തമാക്കിയത്. ടെലിവിഷന്‍ റൈറ്റ്സിലെ തുക കുറഞ്ഞു പോയെന്നും ഫ്രാഞ്ചൈസികള്‍ മുടക്കിയ തുകയില്‍ വ്യക്തതയില്ലായ്മ തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങള്‍ ലീഗിനെ ആദ്യം മുതല്‍ തന്നെ വേട്ടയാടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial