കളിക്കാരില്ല, എന്നാല്‍ കോച്ചുമാര്‍ ഇന്ത്യയില്‍ നിന്നുമുണ്ട്

ദക്ഷിണാഫ്രിക്കയില്‍ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ഗ്ലോബല്‍ ലീഗിലെ ഡ്രാഫ്ട് നടപടികള്‍ ഈ വാരാന്ത്യം നടക്കാനിരിക്കെ ഒരൊറ്റ ഇന്ത്യന്‍ താരങ്ങള്‍ പോലും ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ കോച്ചുമാരുടെ സ്ഥിതി അങ്ങനെയല്ല. രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള റോബിന്‍ സിംഗും എസ് ശ്രീറാമുമാണ് ടൂര്‍ണ്ണമെന്റുകളില്‍ കോച്ചായി എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍. നിരവധി പ്രമുഖ താരങ്ങള്‍ ഇപ്പോള്‍ തന്നെ കോച്ചായി ലീഗിലെ വിവിധ ടീമുകളെ പരിശീലിപ്പിക്കുന്നുണ്ട്.

റോബിന്‍ സിംഗ് ബ്ലൂംഫോണ്ടൈന്‍ സിറ്റി ബ്ലേസേഴ്സിനെയും ശ്രീറാം ജോഹാന്നസ്ബര്‍ഗ് ജയന്റ്സിനെയും ആണ് പരിശീലിപ്പിക്കുക. 136 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള റോബിന്‍ സിംഗ് ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ കോച്ചായിരുന്നു. പിന്നീട് മുംബൈയുടെ പേര് കേട്ട കോച്ചിംഗ് സംഘത്തിന്റെ ഭാഗമായും താരം സഹകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 8 ഏകദിനങ്ങളില്‍ മത്സരിച്ചിട്ടുള്ള ശ്രീറാം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ കോച്ചായി ചുമതല വഹിച്ചിട്ടുണ്ട്. നിലവില്‍ ശ്രീറാം ഓസ്ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റായാണ് സേവനം അനുഷ്ഠിക്കുന്നത്.

പാഡി അപ്ടണ്‍(ഡര്‍ബന്‍ ഖലന്‍ഡേര്‍സ്), സ്റ്റീഫന്‍ ഫ്ലെമിംഗ്(സ്റ്റെല്ലന്‍ ബോഷ് മൊണാര്‍ക്സ്), ജാക്വസ് കാലിസ്(കേപ് ടൗണ്‍ നൈറ്റ് റൈഡേഴ്സ്), മാര്‍ക്ക് ബൗച്ചര്‍(നെല്‍സണ്‍ മണ്ടേല ബേ സ്റ്റാര്‍സ്), റസല്‍ ഡോമിംഗോ(പ്രിട്ടോറിയ മാവെറിക്സ്), ഗ്രെയിം സ്മിത്ത്(ബെനോണി സല്‍മി) എന്നിവരാണ് ലീഗിലെ മറ്റു കോച്ചുമാര്‍.

കോച്ചിംഗ് ദൗത്യവുമായി സ്മിത്ത്, സ്റ്റീഫന്‍ ഫ്ലെമിംഗും ദക്ഷിണാഫ്രിക്കയിലേക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial