ഇമ്രാന്‍ താഹിര്‍ മാന്‍ ഓഫ് ദി മാച്ച്, ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് വിജയം

ഇമ്രാന്‍ താഹിറിന്റെ മൂന്ന് വിക്കറ്റ് മികവില്‍ ശ്രീലങ്കയെ 181 റണ്‍സിനു ചുരുക്കിയ ദക്ഷിണാഫ്രിക്ക ഹാഷിം ആംല, ഫാഫ് ഡ്യുപ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകത്തിന്റെ പിന്തുണയോടു കൂടി ലക്ഷ്യം 35ാം ഓവറില്‍ മറികടന്ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന്റെ ലീഡ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാന്‍ താഹിര്‍, വെയിന്‍ പാര്‍ണല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

രണ്ടാം ഓവറില്‍ ശ്രീലങ്കയ്ക്ക് ടി20 മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ ഡിക്വെല്ലയെ നഷ്ടമായി. കുശല്‍ മെന്‍ഡിസ്(62) മാത്രമായിരുന്നു ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ധനന്‍ജയ ഡിസില്‍വ(28), ദിനേശ് ചന്ദിമല്‍(22) എന്നിവരായിരുന്നു മറ്റു പ്രമുഖ സ്കോറര്‍മാര്‍. ഇമ്രാന്‍ താഹിര്‍ തന്റെ 10 ഓവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കുശല്‍ മെന്‍ഡിസിന്റേതുള്‍പ്പടെ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ഈ പ്രകടനത്തിനു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തതും താഹിറിനെയാണ്. ക്രിസ് മോറിസ് രണ്ട് വിക്കറ്റ്, കാഗിസോ റബാഡ ഒരു വിക്കറ്റ് എന്നിവരായിരുന്നു മറ്റു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് നേട്ടക്കാര്‍. ശ്രീലങ്കന്‍ നിരയില്‍ അസേല ഗുണരത്നേ റണ്‍ഔട്ട് ആവുകയായിരുന്നു.

ആംല ഡിക്കോക്ക് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിനു അടിത്തറയിട്ടത്. 71 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് 34 റണ്‍സെടുത്ത ഡിക്കോക്കിനെ ലക്ഷന്‍ സങ്കഡന്‍ പുറത്താക്കിയപ്പോളാണ്. ആംലയും ഡ്യുപ്ലെസി എന്നിവര്‍ രണ്ടാം വിക്കറ്റില്‍ അര്‍ദ്ധ ശതകകൂട്ടുകെട്ട് നേടി മുന്നേറുന്നതിനിടയിലാണ് 57 റണ്‍സെടുത്ത ആംലയെ അസേല ഗുണരത്നേ റിട്ടേണ്‍ ക്യാചിലൂടെ പുറത്താക്കിയത്. ലക്ഷ്യം മറികടക്കുമ്പോള്‍ ഡ്യുപ്ലെസി(55*), എബി ഡിവില്ലേഴ്സ്(30*) എന്നിവര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

Previous articleഐ ലീഗ്: മുംബൈക്കെതിരെ ഷില്ലോങിനും ഐസ്വാളിനെതിരെ ചെന്നൈക്കും വിജയം.
Next articleസയ്യദ് മുഷ്താഖ് അലി ട്രോഫി കേരളം നാളെ ആന്ധ്രയ്ക്കെതിരെ