ദക്ഷിണാഫ്രിക്ക പൊരുതുന്നു, 244 റണ്‍സിനു പിന്നില്‍

- Advertisement -

357/5 എന്ന നിലയില്‍ നിന്ന് രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു ഇരട്ട ശതകം നേടാനാകാതെ ജോ റൂട്ടിനെ നഷ്ടമാകുകയായിരുന്നു. തലേ ദിവസത്തെ സ്കോറിനോട് 10 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ജോ റൂട്ടിനെയും(190), ലിയാം ഡോസണെ റണ്ണൊന്നുമെടുക്കാതെയും ഇംഗ്ലണ്ടിനു നഷ്ടമായി. മോണേ മോര്‍ക്കലാണ് ഇരട്ട പ്രഹരം നല്‍കിയത്. 101 റണ്‍സ് കൂടി മാത്രമാണ് ആദ്യ ദിവസത്തെ സ്കോറിനോടൊപ്പം ഇംഗ്ലണ്ടിനു ചേര്‍ക്കാനായത്. മോയിന്‍ അലി(87)നോടൊപ്പം മികവാര്‍ന്ന ബാറ്റിംഗ് പുറത്തെടുത്ത സ്റ്റുവ്ര‍ട്ട് ബ്രോഡ് 57 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 458 റണ്‍സിനു അവസാനിക്കുകയായിരുന്നു. മോണേ മോര്‍ക്കല്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പേസര്‍മാര്‍ ആണ് ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ എല്ലാം നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഹീനോ കുനിന്‍െ ആദ്യമേ നഷ്ടമായി. താല്‍ക്കാലിക ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (54) അര്‍ദ്ധ ശതകം നേടിയെങ്കിലും മറ്റുള്ള ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുകയായിരുന്നു. 104/4 എന്ന നിലയില്‍ നിന്ന് ടെംബ ബാവുമ, തീനിസ് ഡി ബ്രൂയിന്‍ (48) എന്നിവര്‍ അഞ്ചാം വിക്കറ്റില്‍ നേടി 99 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ബാവുമ 48 റണ്‍സുമായി ക്രീസിലുണ്ട് 9 റണ്‍സ് നേടിയ റബാഡയാണ് കൂട്ടിനു ക്രീസില്‍. 244 റണ്‍സിനു പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും സ്റ്റുവര്‍ട് ബ്രോഡും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു വിക്കറ്റിനു അര്‍ഹനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement