സ്റ്റീഫന്‍ കുക്കിന്റെ ചെറുത്ത് നില്പ്, ലീഡ് നേടി ദക്ഷിണാഫ്രിക്ക

- Advertisement -

ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും മികച്ച രണ്ടാം ഇന്നിംഗ്സുമായി ദക്ഷിണാഫ്രിക്ക അഡ്‍ലെയിഡ് ടെസ്റ്റില്‍ പിടി മുറുക്കുന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 70 റണ്‍സ് ലീഡ് ദക്ഷിണാഫ്രിക്ക നേടിയിട്ടുണ്ട്. ദിവസത്തിന്റെ അവസാന മണിക്കൂറില്‍ വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയ മത്സരം ആവേശകരമാക്കുകയായിരുന്നു. സ്റ്റീഫന്‍ കുക്കിന്റെ ചെറുത്ത് നില്പാണ് ദക്ഷിണാഫ്രിക്കന്‍ രണ്ടാം ഇന്നിംഗ്സിന്റെ പ്രത്യേകത.

മൂന്നാം ദിവസം 307/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഉസ്മാന്‍ ഖ്വാജയെ ആദ്യം നഷ്ടമായി. 145 റണ്‍സെടുത്ത ഖ്വാജയെ വെോണ്‍ ഫിലാന്‍ഡര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (53) തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചു ഓസ്ട്രേലിയയെ 400 കടത്തുമെന്ന് തോന്നിച്ചെങ്കിലും കാഗിസോ റബാഡയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 13 റണ്‍സെടുത്ത നഥാന്‍ ലയോണിനെയും ജാക്സണ്‍ ബേര്‍ഡിനെയും പുറത്താക്കി ഓസ്ട്രേലിയയെ 383 റണ്‍സിനു ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൈല്‍ അബോട്ടും കാഗിസോ റബാഡയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വെറോണ്‍ ഫിലാന്‍ഡര്‍ രണ്ടും ഷംസി ഒരു വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന്റെ തുടക്കം മോശമായിരുന്നു. ഡീന്‍ എല്‍ഗാര്‍ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ സ്റ്റീഫന്‍ കുക്കും ഹഷീം ആംലയും ചേര്‍ന്ന് 80 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ചൊരു പ്ലാറ്റ്ഫോമാണ് നല്‍കിയത്. 45 റണ്‍സെടുത്ത ഹാഷിം അംലയെ ഹാസല്‍വുഡാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ 49 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പുറത്തെടുത്ത കുക്ക് ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 26 റണ്‍സെടുത്ത ഡുമിനിയെ ലയോണ്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 12 റണ്‍സെടുത്ത ഡ്യു പ്ലെസിയെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തതായി നഷ്ടപ്പെട്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. മൂന്നാം ദിവസത്തെ കളി അവസാനിക്കാന്‍ മൂന്നില്‍ താഴെ ഓവറുകള്‍ മാത്രമുള്ളപ്പോള്‍ ടെമ്പ ബാവുമയെ (21) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ദിവസത്തെ അവസാന ഓവറില്‍ നൈറ്റ് വാച്ച്മാനായി എത്തിയ കൈല്‍ അബോട്ടിനെയും ലയോണ്‍ പുറത്താക്കി.

മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 194/6 എന്ന നിലയിലാണ 81 റണ്‍സോടു കൂടി സ്റ്റീഫന്‍ കുക്കും റണ്ണൊന്നുമെടുക്കാതെ ക്വിന്റണ്‍ ഡിക്കോക്കുമാണ് ക്രീസില്‍.

ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റു നേടി. ഒരു വിക്കറ്റ് ഹാസല്‍വുഡ് സ്വന്തമാക്കി.

Advertisement