ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

- Advertisement -

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 211 റണ്‍സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിനു വമ്പന്‍ വിജയം നേടിക്കൊടുത്തത്. 331 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 119 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടമുള്‍പ്പെടെ മത്സരത്തില്‍ 10 വിക്കറ്റ് നേടിയ മോയിന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.

119/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു ഏറെ വൈകാതെ അലിസ്റ്റര്‍ കുക്കിനെ(69) നഷ്ടമായി. 34 റണ്‍സ് നേടിയ ഗാരി ബാലന്‍സും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. അര്‍ദ്ധ ശതകവുമായി ജോണി ബാരിസ്റ്റോ പൊരുതിയെങ്കിലും ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. മാര്‍ക്ക് വുഡുമായി ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ബാരിസ്റ്റോ. വാര്‍ക്ക് വുഡ് 28 റണ്‍സ് നേടിയപ്പോള്‍ 51 റണ്‍സ് നേടിയ ബാരിസ്റ്റോയുടെ വിക്കറ്റാണ് ഇന്നിംഗ്സില്‍ അവസാനം വീണത്.

കേശവ് മഹാരാജ് നാലും മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വീഴ്ത്തി.

331 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എന്നാല്‍ ആദ്യം തന്നെ തിരിച്ചടിയായിരുന്നു ഫലം. മോയിന്‍ അലിയുടെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബുദ്ധിമുട്ടിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 36.4 ഓവറില്‍ 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മോയിന്‍ അലി 6 വിക്കറ്റു നേടി ഇംഗ്ലീഷ് ബൗളിംഗ് നിരയെ നയിച്ചു. ലിയാം ഡോസണ്‍ രണ്ടും മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടെംബ ബാവുമ(21) ആണ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. പരിക്ക് വകവയ്ക്കാതെ ബാറ്റ് വീശിയ വെറോണ്‍ ഫിലാന്‍ഡര്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement