വിജയം ശീലമാക്കി ദക്ഷിണാഫ്രിക്ക, ആംല മാന്‍ ഓഫ് ദി മാച്ച്, ഡ്യുപ്ലെസി മാന്‍ ഓഫ് ദി സീരീസ്

ശ്രീലങ്കയ്ക്ക് മേല്‍ വ്യക്തമായ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി. 88 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആംല(154), ഡിക്കോക്ക്(109) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സ് നേടിയിരുന്നു. ഫാഫ് ഡ്യുപ്ലെസി(41), ഫര്‍ഹാന്‍ ബെഹര്‍ദീന്‍(32) എന്നിവരായിരുന്നു ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. അസേല ഗുണരത്നേ പുറത്താകാതെ നേടിയ 114 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ലങ്കയ്ക്ക് ലക്ഷ്യം 88 റണ്‍സ് അകലെയായി. സചിത് പതിരാന (56) ശ്രീലങ്കയുടെ ചെറുത്ത് നില്പിലേക്ക് മികച്ച സംഭാവന നല്‍കി. ക്രിസ് മോറിസ് 4 ശ്രീലങ്കന്‍ വിക്കറ്റുകള്‍ സ്വന്തമാക്കി.

187 റണ്‍സാണ് ആംല-ഡിക്കോക്ക് കൂട്ടുകെട്ട് നേടിയത്. 109 റണ്‍സുമായി ബാറ്റ് ചെയ്തിരുന്ന ഡിക്കോക്കിനെ സുരംഗ ലക്മല്‍ പുറത്താക്കി. ആംല-ഡ്യുപ്ലെസി കൂട്ടുകെട്ടും തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 250 റണ്‍സ് കടന്നു. ഉടനെ ഡ്യുപ്ലെസിയെ നഷ്ടമായെങ്കിലും ആംലയുടെ സഹായത്തോടെ ദക്ഷിണാഫ്രിക്ക 400 കടക്കുമെന്ന് തോന്നിച്ചു. എങ്കിലും 48.2 ഓവറില്‍ ടീം സ്കോര്‍ 371ല്‍ നില്‍ക്കെ ആംലയെ ലഹിരു മധുശങ്ക പുറത്താക്കി. ഡുമിനി, ഡിവില്ലേഴ്സ് എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ശ്രീലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ മൂന്ന് വിക്കറ്റും ലഹിരു മധുശങ്ക രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. 82/5 എന്ന നിലയിലേക്ക് വീണ ലങ്കയെ അസേല ഗുണരത്നേ, സചിത് പതിരാന എന്നിവരുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് പ്രതീക്ഷകള്‍ നല്‍കിയത്. 93 റണ്‍സ് കൂട്ടുകെട്ടിനു അവസാനം കുറിച്ചത് ക്രിസ് മോറിസ് ആയിരുന്നു. 56 റണ്‍സെടുത്ത പതിരാനയെ ഡിവില്ലേഴ്സിന്റെ കൈകളില്‍ എത്തിയ്ക്കുകയായിരുന്നു മോറിസ്. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്കയ്ക്ക് 296 റണ്‍സേ നേടാനായുള്ളു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോറിസിനു പുറമേ വെയിന്‍ പാര്‍ണല്‍ രണ്ടും ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റും നേടി.

Previous articleമഞ്ഞപ്പടയുടെ എറണാകുളം പ്രീമിയർ ലീഗ് നാളെ
Next articleഐ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ബെംഗളുരുവിനു നിർണായക പോരാട്ടം