റസ്സല്‍ എത്താത്തത് പരിക്ക് മൂലം

ആന്‍ഡ്രേ റസ്സലിന്റെ അഭാവത്തെക്കുറിച്ച് ഔദ്യോഗിക പത്രക്കുറിപ്പുമായി വിന്‍ഡീസ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ കോര്‍ട്നി ബ്രൗണ്‍. താരം നിലവില്‍ പരിക്കേറ്റിരിക്കുന്നതിനാല്‍ ടീമിനൊപ്പം ചേരില്ലെന്നാണ് ടീമിന്റെ ഔദ്യോഗിക ഭാഷ്യം. നേരത്തെ താരം പരിശീലനത്തിനിറങ്ങിയില്ലെന്നും ഇന്ത്യയില്‍ തന്നെ എത്തിയില്ലെന്നും എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. അതേ സമയം ഇതിന്മേല്‍ കൂടുതല്‍ വിശദീകരണമില്ലെന്ന നിലപാടാണ് ടീം മാനേജ്മെന്റ് നേരത്തെ കൈക്കൊണ്ട നിലപാട്.

നേരത്തെ തന്നെ ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, സുനില്‍ നരൈന്‍, സാമുവല്‍ ബദ്രി എന്നിവരെ നഷ്ടമായ വിന്‍ഡീസിനു ആഷ്‍ലി നഴ്സിനെയും ഏകദിന പരമ്പരയ്ക്കിടെ നഷ്ടമായിരുന്നു. അതിനൊപ്പം ഇപ്പോള്‍ റസ്സലിന്റെ അഭാവം കൂടിയാകുമ്പോള്‍ ടീമിന്റെ ശക്തി നന്നെ ക്ഷയിച്ചുവെന്ന് വേണം വിലയിരുത്തുവാന്‍.

ഒക്ടോബര്‍ 9നു അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് റസ്സലിനു പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതെ ടി20യിലേക്ക് മാത്രം പരിഗണിക്കുകയായിരുന്നു. താരം അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഈ പരിക്കിനെത്തുടര്‍ന്ന് നേരത്തെ മടങ്ങുകയും ചെയ്തിരുന്നു.

Exit mobile version