ആര്‍പി “സ്വിങ്ങ്”

- Advertisement -

മൂന്നര വർഷമായി ടെസ്റ്റ് കളിച്ചിട്ട്, ഏകദിനം കളിച്ചിട്ട് 2 കൊല്ലം ആകാറായി, ഇന്റർനാഷണൽ ടി20 കളിച്ചിട്ട് 2 വർഷത്തിന് മേലെയായി. അങ്ങനെ ഒരു സുപ്രഭാതത്തിൽ നിനച്ചിരിക്കാതെയാണ് ആ വിളി RP സിങ്ങിനെ തേടിയെത്തുന്നത്. ഇന്ത്യ ഇംഗ്ലണ്ടിൽ പോയി നാണംകെട്ട 2011ലെ ടെസ്റ്റ് പരമ്പരയിലെ ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരം. പ്രവീൺ കുമാറിന് പരിക്ക് പറ്റിയതിനെ തുടർന്ന് പകരക്കാരനായി ടീമിൽ. പക്ഷെ ഇയാൻ ബെൽ തന്റെ ആദ്യത്തെ ഡബിൾ സെഞ്ച്വറി അടിച്ചപ്പോൾ രുദ്രപ്രതാപ് സിങ്ങിന് അത് പിന്നീടുള്ള സകലസാധ്യകളുടെ വാതിലുകളും അടച്ചിടുന്ന ഒരു തിരിച്ചടിയായി മാറി.

1985 ഡിസംബർ 6ന് ഉത്തർ പ്രദേശിലെ പുരബാലയിൽ ശിവ് പ്രതാപ് സിങ്ങിന്റെയും, ഗിരിജ ദേവിയുടെയും മകനായി ജനനം. 15ആം വയസിൽ അച്ഛൻ കൊൽക്കത്തയിലെ ഒരു സ്പോർട്സ് സ്കൂളിൽ ചേർത്തത് വഴിത്തിരിവായി. അവിടെ നിന്നും 2004ലെ U-19 ടീമിലേക്ക് പ്രവേശനം. ആ വർഷം ഇന്ത്യ സെമിയിൽ തോറ്റെങ്കിലും ആ ടൂർണമെന്റ് കളിച്ച പലരും പിന്നീട് ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങൾ ആയി. ശിഖർ ധവാൻ, ദിനേശ് കാർത്തിക് ഒക്കെ ഇപ്പോഴും അംഗങ്ങൾ ആയിട്ടുള്ള ആ ടീമിൽ നിന്ന് ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മറ്റ് താരങ്ങൾ ആയിരുന്നു, RP സിങ്ങും, സുരേഷ് റെയ്നയും, റോബിൻ ഉത്തപ്പയും എല്ലാം. ആ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് മിശ്രയ്‌ക്കും, പ്രവീൺ ഗുപ്തയ്ക്കും പുറകിലായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമായി. 24.75 ആവരേജിൽ 8 വിക്കറ്റ് നേടി RP സിങ്ങ്. അവസാന ഓവറുകളിൽ റൺ ഒഴുക്ക് തടയാനുള്ള കഴിവ് അന്നേ ശ്രദ്ധേയമായിരുന്നു.

അങ്ങനെ 2005ൽ സിംബാബ്വേയോടുള്ള ഏകദിന പരമ്പരയിലേക്ക് വിളിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ 2 വിക്കറ്റ് നേടി. തന്റെ മൂന്നാമത്തെ ഏകദിനത്തിൽ തന്നെ 4 വിക്കറ്റ് നേടി മാൻ ഓഫ് ദി മാച്ചുമായി. 2006ന്റെ തുടക്കത്തിൽ പാകിസ്താനെതിരെ ഫൈസലാബാദിൽ നടന്ന ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് നേട്ടത്തോടെ അരങ്ങേറ്റം. അങ്ങനെ തൊട്ടതെല്ലാം പൊന്നായ ആദ്യകാലങ്ങൾ.

ചത്ത പിച്ചിൽ പോലും പന്തിനെ സ്വിങ് ചെയ്യിക്കാനുള്ള മിടുക്ക് ആയിരുന്നു RP സിങ്ങിനെ ശ്രദ്ധേയനാക്കിയത്. രണ്ട് ദിശയിലേക്ക് സ്വിങ്ങ് ചെയ്യിക്കുന്നതിനൊപ്പം തന്നെ, റിവേഴ്‌സ് സ്വിങ്ങും തനിക്ക് വഴങ്ങുമായിരുന്നു.

പക്ഷെ മുകളിൽ പറഞ്ഞ ആ നല്ല പ്രകടനങ്ങൾ തുടർന്നുകൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ടീമിൽ നിന്നും ഇടയ്ക്ക് ഒഴിവാക്കപ്പെട്ടു. പക്ഷെ 2007-2008 സീസണിൽ ഇന്ത്യൻ ടീമിന്റെ പേസ് അറ്റാക്കിന്റെ നിർണായക ഭാഗമായി മാറി. 2007 ടി20 വേൾഡ് കപ്പിൽ 12 വിക്കറ്റ് നേടി ഇന്ത്യയുടെ ടോപ് വിക്കറ്റ് വേട്ടക്കാരൻ ആയിമാറി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഒരു ഗ്രൂപ്പ് മത്സരത്തിൽ 153 ഡിഫെൻഡ് ചെയ്യുമ്പോൾ 13 റൺ വഴങ്ങി 4 വിക്കറ്റ് നേടി. ടൂർണമെന്റിലെ ബൗളിംഗ് ആവറേജ് 12.66ഉം, സ്‌ട്രൈക്ക് റേറ്റ് 12ഉം, ഇക്കോണമി റേറ്റ് 6.33ഉം. വേൾഡ് കപ്പ് ഫൈനലിൽ 3 വിക്കറ്റ് വഴങ്ങി പാകിസ്താനെതിരെ ഹഫീസിന്റെയും, കമ്രാൻ അക്മലിന്റേതും ഉൾപ്പെടെ പ്രധാനപ്പെട്ട 3 വിക്കറ്റുകളും നേടി.

പക്ഷെ അവിടെയും സന്തോഷം അധികം നീണ്ടുനിന്നില്ല. പിന്നെയധികം കളികൾ ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ വളരെ ഉപയോഗപ്പെടാമായിരുന്ന ഒരു താരത്തിന്റെ വീഴ്ച. എന്നാൽ 2009ൽ ഡെക്കാൻ ചാർജേഴ്സ് IPL കപ്പ് നേടിയപ്പോൾ ആ കൊല്ലത്തെ പർപ്പിൾ ക്യാപ് നേട്ടം കൊണ്ട് നിർണായക പങ്ക് വഹിച്ചു.

ആ IPLന് ശേഷം ഒരു തിരിച്ചുവരവ് ഉണ്ടായി. പക്ഷെ തന്നെ ടീമിൽ നിലനിർത്താൻ മാത്രം പോന്ന പ്രകടനങ്ങൾ ഒന്നും തന്നെ പിന്നീട് വന്നില്ല. അതിനാൽ തന്നെ പതിയെ വീണ്ടും പുറത്തേക്ക്. 2009ന് ശേഷം പിന്നെയും ഒരു അവസരം തേടിവന്നതാണ് ആദ്യം പറഞ്ഞ ടെസ്റ്റ് മത്സരം. പക്ഷെ വെള്ളത്തിൽ കിടന്ന മീനിനെ പിടിച്ച് കരയിൽ ഇട്ട അവസ്ഥ ആയിപ്പോയി. 2013 വരെ IPL കളിച്ചു. പിന്നീട് പ്രാദേശിക ക്രിക്കറ്റിൽ 2015-16ലെ സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ ആയിമാറി. ഗുജറാത്ത് ആ സീസണിൽ വിജയ് ഹസാരെ ട്രോഫി നേടിയപ്പോൾ അവിടെയും നിർണായക പ്രകടനം നടത്തി. അങ്ങനെ 2016ൽ വീണ്ടും IPLൽ. റൈസിങ്ങ് പൂനെ സൂപ്പർജയന്റ്സിനു വേണ്ടി 4 കളികളിൽ നിന്നും 3 വിക്കറ്റ് നേട്ടം. 2016-17 സീസണിലെ രഞ്ജി ട്രോഫിയിൽ 5 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റ്. ആ സീസൺ രഞ്ജി ജേതാക്കളാകാൻ ഗുജറാത്തിനെ സഹായിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന്. സെമിയിൽ ആയിരുന്നു എടുത്ത് പറയേണ്ടിയ പ്രകടനം. ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് രണ്ടാം ഇന്നിങ്സിൽ ജാർഖണ്ഡിനെ 111 റൺസിന് ചുരുട്ടികൂട്ടാൻ 6 വിക്കറ്റ് നേടിയ ബുംറയ്ക്ക് വിക്കറ്റോടെ പിന്തുണ.

ആ രഞ്ജി ട്രോഫി ഫൈനലിന് ശേഷം RP സിങ്ങ് മത്സരക്രിക്കറ്റിൽ പിന്നീട് കളിച്ചിട്ടില്ല. 2017-18 സീസണിൽ ഗുജറാത്ത് രഞ്ജി ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല.

പേസ് നഷ്ടപ്പെട്ട് ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്ന മറ്റൊരു താരം. ഒരു കാലത്ത് തന്റെ സ്വിങ്ങ് കൊണ്ട് അത്ഭുതപെടുത്തിയ താരം. പക്ഷെ 32 വയസായിട്ടെ ഉള്ളു എന്നത് ആശ്വാസകരമാണ്. തിരിച്ചുവരവ് അസാധ്യമല്ല. പക്ഷെ പേസിന് നല്ലപോലെ പ്രാധാന്യം നൽകുന്ന ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ പേസ് ഇല്ലാതെ വരുന്നത് എളുപ്പമാകില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement