ദക്ഷിണാഫ്രിക്കയുടെ 12 മത്സരങ്ങളുടെ അപരാജിത യാത്രയ്ക്ക് അവസാനം

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6 റണ്‍സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ഇതോടു കൂടി ദക്ഷിണാഫ്രിക്കയുടെ 12 മത്സരങ്ങളുടെ അപരാജിത യാത്രയ്ക്ക് അവസാനം കുറിയ്ക്കപ്പെട്ടും. 12 തുടര്‍മത്സരങ്ങളാണ് അവര്‍ വിജയിച്ചിരുന്നത്. റോസ് ടെയ്‍ലര്‍ പുറത്താകാതെ നേടിയ ശതകത്തിന്റെ(102*) പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. ജെയിംസ് നീഷം(71*), കെയിന്‍ വില്യംസണ്‍(69) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് മാത്രമേ നേടാനായുള്ളു. റോസ് ടെയ്‍ലറാണ് മാന്‍ ഓഫ് ദി മാച്ച്. ന്യൂസിലാണ്ടിനു വേണ്ടി ട്രെന്റ് ബൗള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ നേടി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറില്‍ ടോം ലാഥത്തിനെ നഷ്ടമായ ന്യൂസിലാണ്ടിനു വേണ്ടി ഡീന്‍ ബ്രൗണ്‍ലി(34), വില്യംസണ്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് നേടി. 104 റണ്‍സാണ് വില്യംസണ്‍-ടെയ്‍ലര്‍ കൂട്ട് കെട്ട് നേടിയത്. ടെയ്‍ലര്‍ അഞ്ചാം വിക്കറ്റില്‍ ജെയിംസ് നീഷത്തിനോടൊപ്പം നേടിയ 120 റണ്‍സ് കൂട്ടുകെട്ടാണ് സുരക്ഷിതമായ ടോട്ടലിലേക്ക് ന്യൂസിലാണ്ടിനെ എത്തിച്ചത്. 57 പന്തില്‍ നിന്നാണ് ജെയിംസ് നീഷം 71 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയിന്‍ പ്രെടോറിയസ് രണ്ട് വിക്കറ്റും, വെയിന്‍ പാര്‍ണല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മികച്ച തുടക്കങ്ങള്‍ വലിയ സ്കോറുകള്‍ ആക്കി മാറ്റാനാകാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ക്വിന്റണ്‍ ഡിക്കോക്ക്(57), ഡുമിനി(34), ഡിവില്ലിയേഴ്സ്(45), പ്രെട്ടോറിയസ്(50) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും ഇന്നിംഗ്സുകളെ കൂറ്റന്‍ സ്കോറിലേക്ക് കൊണ്ടെത്തിക്കാനാകാതെ പോയത് തിരിച്ചടിയായി. അവസാന ഓവറില്‍ 15 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 റണ്‍സ് മാത്രമേ നേടാനായുള്ളു. ആന്‍ഡിലെ ഫെഹ്ലുക്വായോ 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡ്വെയിന്‍ പ്രെടോറിയസിന്റെ 27 പന്ത് 50 റണ്‍സ് ഇന്നിംഗ്സ് അവസാനിപ്പിക്കാനായതാണ് ന്യൂസിലാണ്ടിനു രക്ഷയായത്. അപകടകാരിയായി മാറിയ ഡ്വെയിനിനെ ബൗള്‍ട്ട് പുറത്താക്കുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ ബോള്‍ട്ടിനു പുറമേ, രണ്ട് വിക്കറ്റുമായി മിച്ചല്‍ സാന്റനര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി ടിം സൗത്തി, ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവരും ന്യൂസിലാണ്ടിന്റെ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

Advertisement