ശക്തം കുക്കും റൂട്ടും, ഇംഗ്ലണ്ടിനു മേല്‍ക്കൈ

- Advertisement -

ഇംഗ്ലണ്ടിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മികച്ച തുടക്കം. എഡ്ജ്ബാസ്റ്റണില്‍ ഇന്നലെ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ തുടക്കത്തിലേറ്റ തിരിച്ചടികളെ അതിജീവിച്ച് അലിസ്റ്റര്‍ കുക്കു-ജോ റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ ശക്തമായ നിലയിലേക്ക് എത്തിക്കകുയായിരുന്നു. 39/2 എന്ന നിലയില്‍ നിന്ന് 248 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 136 റണ്‍സ് നേടിയ ജോ റൂട്ടാണ് സഖ്യത്തില്‍ പുറത്തായ ബാറ്റ്സ്മാന്‍. ഒന്നാം ദിവസത്തെ സ്റ്റംപ്സ് സമയത്ത് ഇംഗ്ലണ്ട് 348/3 എന്ന നിലയിലാണ്. 153 റണ്‍സുമായി അലിസ്റ്റര്‍ കുക്ക് 28 റണ്‍സ് നേടിയ ദാവീദ് മലന്‍ എന്നിവരാണ് ക്രീസില്‍. 61 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയിട്ടുള്ളത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി മാര്‍ക്ക് സ്റ്റോണ്‍മാന്‍ തന്റെ അരങ്ങേറ്റം മത്സരത്തില്‍ കുറിച്ചു. ആന്‍ഡ്രൂ സ്ട്രോസ് റിട്ടയര്‍ ചെയ്ത ശേഷം ഇംഗ്ലണ്ട് അലിസ്റ്റര്‍ കുക്കിനൊപ്പം പരീക്ഷിക്കുന്ന 12ാമത്തെ ടെസ്റ്റ് ഓപ്പണര്‍ ആണ് സ്റ്റോണ്‍മാന്‍. 8 റണ്‍സ് വീതം നേടി സ്റ്റോണ്‍മാന്‍, ടോം വെസ്റ്റ്‍ലി എന്നിവര്‍ വേഗം മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പരിചയ സമ്പന്നരും മികവേറിയതുമായ ബാറ്റ്സ്മാന്മാരായ കുക്ക് റൂട്ട് സഖ്യം ടീമിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. കുക്ക് തന്റെ 31ാം ടെസ്റ്റ് ശതകം സ്വന്തമാക്കിയപ്പോള്‍ റൂട്ട് തന്റെ 13ാം ശതകം സ്വന്തമാക്കി. അവസാന സെഷനില്‍ ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗ് ലഭിച്ചുവെങ്കിലും അത് മുതലാക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായില്ല. കെമര്‍ റോച്ച് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിഗ്വല്‍ കമ്മിന്‍സിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement