പരമ്പര വിജയത്തിലേക്ക് നയിച്ച് രോഹിത്, കൂട്ടായി ധോണിയും

അകില ധനന്‍ജയ വീണ്ടും തന്റെ മാജിക്കുമായി എത്തിയപ്പോള്‍ ഇന്ത്യ ഒന്ന് പകച്ചു. 218 റണ്‍സ് എന്ന ലക്ഷ്യം ചെറുതാണെങ്കിലും 61/4 എന്ന നിലയിലേക്ക് വീണപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ചെറിയ തോതില്‍ ആശങ്ക പരന്നിട്ടുണ്ടാവും. എന്നാലും അത് ഏറെ നേരം നീണ്ടു നിന്നില്ല. ഇന്ത്യയുടെ ഹിറ്റ്മാനും ധോണിയും ചേര്‍ന്ന് ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കുന്നത് കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. രോഹിത് തന്റെ ശതകവും ധോണി അര്‍ദ്ധ ശതകവും നേടി ഇന്ത്യയെ വിജയത്തീരത്തെത്തിച്ചപ്പോള്‍ പരമ്പര ഇന്ത്യ 3-0നു സ്വന്തമാക്കി.  ശ്രീലങ്കയിലെ തന്റെ മോശം കണക്കുകള്‍ക്കുള്ള മറുപടി കൂടിയാണ് രോഹിത് തന്റെ 12ാം ശതകത്തിലൂടെ വിമര്‍ശകര്‍ക്ക് നല്‍കിയിട്ടുള്ളത്. മത്സരം മുഴുമിപ്പിക്കാനാകാതെ ശ്രീലങ്കന്‍ ആരാധകര്‍ കുപ്പി വലിച്ചെറിഞ്ഞ് തടസ്സം സൃഷ്ടിച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റിനു തന്നെ നാണക്കേടുളവാക്കുന്ന സംഭവമായി മാറുകയായിരുന്നു. ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയപ്പോള്‍ രോഹിത് ശര്‍മ്മ പുറത്താകാതെ 124 റണ്‍സും ധോണി 67 റണ്‍സും നേടി. തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ആരാധകര്‍ക്ക് സമ്മാനിച്ചത് കണ്ട് ശീലിച്ച കാഴ്ചകള്‍ തന്നെയാണ്. ടീമിലേക്ക് മടങ്ങിയെത്തിയ ലഹിരു തിരിമനേ(80), ദിനേശ് ചന്ദിമല്‍(36) ഒഴികെ ആരും തന്നെ ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിക്കാതിരുന്നപ്പോള്‍ ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് മാത്രമേ നേടിയുള്ളു. ജസ്പ്രീത് ബുംറ തന്റെ കരിയറിലേ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കേധാര്‍ ജാഥവ് എന്നവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

218 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് അഞ്ച് ഓവറിനുള്ളില്‍ ശിഖറിനെയും, കോഹ്‍ലിയെയും നഷ്ടമായി. ധവാനെ മലിംഗ പുറത്താക്കിയപ്പോള്‍ കോഹ്‍ലിയെ മടക്കി അയയ്ച്ചത് വിശ്വ ഫെര്‍ണാണ്ടോയാണ്. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും(17) തമ്മില്‍ ചെറിയൊരു കൂട്ടുകെട്ടിലൂടെ സ്കോര്‍ 61ല്‍ എത്തിച്ചുവെങ്കിലും അകില ധനന്‍ജയ ഇരട്ട പ്രഹരത്തിലൂടെ ഇന്ത്യയെ പിന്നോട്ടടിച്ചു. എന്നാല്‍ രോഹിത്തും കൂട്ടായി ഇന്ത്യയുടെ കൂള്‍ മനുഷ്യന്‍ ധോണിയും എത്തിയപ്പോള്‍ ഇന്ത്യ വീണ്ടും സുരക്ഷിത തീരത്തേക്ക് നീങ്ങി. 157 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്.

വിജയം എട്ട് റണ്‍സ് മാത്രം അകലെയുള്ളപ്പോള്‍ ശ്രീലങ്കന്‍ ആരാധകര്‍ തങ്ങളുടെ അരിശം വെള്ളക്കുപ്പികളുടെ രൂപത്തില്‍ ഗ്രൗണ്ടിലേക്ക് ചൊരിഞ്ഞപ്പോള്‍ മത്സരം തടസ്സപ്പെടുകയായിരുന്നു. അപ്പോള്‍ ധോണി 61 റണ്‍സും രോഹിത് 122 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. മത്സരം തടസ്സപ്പെട്ടപ്പോള്‍ ഇന്ത്യ 44 ഓവറില്‍ 210/4 എന്ന നിലയിലായിരുന്നു. കാണികളെ ഒഴിപ്പിച്ച് മത്സരം പുനരാരംഭിച്ചപ്പോള്‍ 6 പന്തുകള്‍ കൂടി നേരിട്ട് ഇന്ത്യ 6 വിക്കറ്റ് വിജയം കൊയ്യുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിന്ധുവിനു സ്വര്‍ണ്ണമില്ല
Next articleആൻഫീൽഡിൽ തകർന്ന് തരിപ്പണമായി വെങ്ങറുടെ ഗണ്ണേഴ്‌സ്