റോഡ് സേഫ്റ്റി സീരീസിൽ ശ്രീലങ്കൻ ലെജൻഡ്സിന് ജയം

- Advertisement -

റോഡ് സേഫ്റ്റി വേൾഡ് സീരിസിലെ രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്കൻ ലെജൻഡ്സിന് ജയം. 7 റൺസിന് ഓസ്‌ട്രേലിയൻ ലെജൻഡ്സിനെയാണ് ശ്രീലങ്കൻ ലെജൻഡ്സ് പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ ജയിക്കാൻ ഓസ്‌ട്രേലിയക്ക് 17 റൺസ് ആണ് വേണ്ടിയിരുന്നത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 1 പന്ത് ബാക്കി നിൽക്കെ 154 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ 30 റൺസ് എടുത്ത കലുവിതരണയും 28 റൺസ് എടുത്ത കപ്പുഗിടെറായുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഡോഹെർത്തി, ക്രേജ്‌സ, ഹോഡ്ജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി 96 റൺസ് എടുത്ത റിയർഡോൺ മാത്രമാണ് പൊരുതിയത്. ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ തകരുമ്പോഴാണ് റിയർഡോൺ ഓസ്ട്രേലിയയുടെ രക്ഷക്കെത്തിയത്. ഓസ്‌ട്രേലിയൻ നിരയിൽ 8 താരങ്ങൾ രണ്ടക്കം കടന്നതുമില്ല. ശ്രീലങ്കക്ക് വേണ്ടി ദിൽഷൻ 3 വിക്കറ്റും ഹെരാതും മഹ്‌റൂഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement