മാറുന്ന ഫിറ്റ്നസ്സ് സമവാക്യങ്ങൾ – അതിനൊപ്പം മെച്ചപ്പെടുന്ന ഫീല്‍ഡിങ്ങും

- Advertisement -

രോഹിത്തിന്റെ തകർപ്പൻ ക്യാച്ച്, ഹാർധിക്കിന്റെ ഫ്ലാറ്റ് ത്രോ ധോണി സ്റ്റമ്പ് ചെയ്തത്, ഡൈവ് ചെയ്തുള്ള സേവുകൾ. അങ്ങനെ ന്യൂസീലാന്റിനെതിരെ തിരുവനന്തപുരംത്ത് വെച്ച് നടന്ന അവസാന T20Iയിൽ 8 ഓവറിനിടയിൽ ഒട്ടനവധി തകർപ്പൻ ഫീൽഡിങ് നിമിഷങ്ങൾ. ഹർഷ ഭോഗ്ലെ കഴിഞ്ഞ ദിവസം എഴുതുകയുണ്ടായി പണ്ടൊക്കെ ഇന്ത്യൻ ടീം 250 റൺ നേടിയാൽ എതിർ ടീം 225 തിരിച്ചടിച്ചാൽ മതിയെന്ന്, കാരണം 25 റൺ ഇന്ത്യൻ ടീം ഫീൽഡിൽ നഷ്ടമാക്കിയിട്ടുണ്ടാവും. അല്ലേൽ ഇന്ത്യ 250 റൺ ആണ് പിന്തുടരുന്നതെങ്കിൽ, 275 റൺ നേടാനുള്ള മനോഭാവത്തോടെ കളിക്കണമെന്ന്.

ഇന്ത്യയുടെ ഫീൽഡിങ്ങിൽ ഈ കഴിഞ്ഞ കൊല്ലങ്ങളിൽ ഉണ്ടായ മാറ്റം വിപ്ലവകരമാണ്. പണ്ടൊക്കെ ഒരു അജയ് ജഡേജ അല്ലേൽ റോബിൻ സിങ്ങ് പോലുള്ള കളിക്കാർ മാത്രം നല്ല ഫീൽഡർമാരായിരുന്നു. പിന്നീട് അത് കുറച്ചുകൂടെ മെച്ചപ്പെട്ടു. കൈഫ്, യുവരാജ്, റെയ്ന പോലുള്ള യുവതാരങ്ങൾ എത്തി. എന്നാൽ ഇപ്പോഴുള്ള ഇന്ത്യൻ ടീമിൽ അവസാന പതിനൊന്നിൽ ഫീൽഡിങ്ങ് ഇത്തിരി മോശം എന്ന് പറയാൻ ഒന്നോ രണ്ടോ പേരുണ്ടെങ്കിലായി. ഫീൽഡിങ്ങിൽ ഉണ്ടായ ഈ മെച്ചം ഫിറ്റ്നസ്സിനോടുള്ള മാറിയ കാഴ്ചപ്പാടിൽ നിന്നും ഉളവായതാണെന്നു നിസംശയം പറയാം.

NEW ZEALAND – DECEMBER 29: India’s Mohammad Kaif, left, celebrates with Yuvraj Singh after catching New Zealand Black Caps Stephen Fleming for 1 in the second one day international cricket match at McLean Park, Napier, New Zealand, Sunday 29 December 2002. (Photo by Ross Setford/Getty Images)

ലോകക്രിക്കറ്റിൽ ഫീൽഡിങ്ങിനൊക്കെ സാധാരണ റഫറൻസ് ആയിട്ട് നിൽക്കാറുള്ള മറ്റ് ടീമുകളോട് കിടപിടിക്കുന്നതോ അതിലും മികച്ചതോ ആയൊരു ഫീൽഡിങ് യൂണിറ്റ് ഇന്ന് ഇന്ത്യയ്ക്ക് ഉണ്ട്. ഏകദിനടീമിലും T20I ടീമിലും ജഡേജയോ, റെയ്നയോ ഒന്നും ഇല്ലാതിരുന്നിട്ടും കൂടിയുള്ള ഇന്ത്യയുടെ ഫീൽഡിങ്ങ് മികവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഈ വർഷം ഈ മികവ് അതിന്റെ ഏറ്റവും ഉന്നതതലത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഈ മാറ്റത്തിൽ ധോണി എടുത്ത തീരുമാനങ്ങൾ നിർണായകമായിരുന്നു. നല്ലൊരു ബാറ്റ്സ്മാനോ, ബൗളർക്കോ എന്ന് വേണമെങ്കിലും ഒരു മോശം ദിവസം വരാം. എന്നാൽ, നല്ലൊരു ഫീൽഡർക്ക് കളിയിൽ എന്നും സ്വാധീനം ചെലുത്താനാവുമെന്ന് ധോണി പറഞ്ഞിരുന്നു. ധോണിയെ വിമർശിക്കുന്നവർ പോലും ഈ വിഷയം അംഗീകരിക്കുന്നു. ഇന്ത്യൻ ടീമിൽ നിന്നും ഔട്ട്ഫീൽഡിലെ മെല്ലെപ്പോക്കുകാർ പതിയെ പുറത്ത് പോയി. സ്കിൽ മാത്രം കൊണ്ട് ഇന്ത്യൻ ടീമിൽ കയറാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. കഴിവിനൊപ്പം കഠിനാധ്വാനം കൂടെ ചെയ്യുന്നവർക്ക് പ്രാധാന്യം ലഭിക്കാനാരംഭിച്ചു. ഇന്ത്യൻ ടീമിന്റെ രൂപം മാറുകയായിരുന്നു. ശേഷം വന്ന കോഹ്ലിയും ധോണിയെ പോലെ ഒരു ‘ഫിറ്റ്നസ്സ്-ഫ്രീക്ക്’ ആയതോടെ ഇന്ത്യയുടെ ഫീൽസിങ്ങ് മറ്റൊരു തലത്തിലേക്ക് മാറുന്നതാണ് കാണാൻ കഴിഞ്ഞത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീൽഡർ ആര് എന്നതിൽ ഇപ്പഴും പലർക്കും പല അഭിപ്രായം ഉണ്ട്. എന്നാൽ ടോപ് 10 മികച്ച ഫീൽഡർമാരെ എടുത്താൽ അതിൽ നല്ലൊരു പങ്കും ഈ കാലഘട്ടത്തിൽ (ധോണിയുടെയോ/കോഹ്ലിയുടെയോ ക്യാപ്റ്റൻസിയിൽ) കളിച്ചവരാണ്. ഫിറ്റ്നസ്സിനോടുണ്ടായിരുന്ന മൃദുസമീപനം മാറി മെച്ചപ്പെട്ട നിലവാരത്തിലേക്ക് ടീം എത്തിയത് തികച്ചും സ്‌ലാഘനീയം തന്നെ. ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഫിറ്റ്നസ്സ് റൂട്ടീൻ ഒക്കെ നടപ്പിലാക്കുന്നത് കാണുമ്പോൾ ഇന്ത്യൻ ടീം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് സംശയത്തിന് ഇടകൊടുക്കാതെ പറയാം. ഇന്ത്യയുടെ സമീപകാലവിജയങ്ങളിൽ ഫീൽഡിങ്ങ് വഹിച്ച പങ്ക് ചെറുതല്ല. ടെസ്റ്റിൽ വരെ മികച്ച ഫീൽഡിങ്ങ് നമുക്ക് കാണാൻ കഴിയുന്നു. ഈ നിലവാരം വരും വർഷങ്ങളിൽ കാത്തുസൂക്ഷിക്കാനായാൽ ഇന്ത്യൻ ടീം ഇപ്പോഴുള്ള ഡ്രീം റൺ തുടരുക തന്നെ ചെയ്യും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement