Site icon Fanport

റായ്പൂരിൽ റിങ്കു വെടിക്കെട്ട്!!! ഒപ്പം കൂടി ജിതേഷ് ശര്‍മ്മയും, അവസാന രണ്ടോവറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 5 വിക്കറ്റ്

റായ്പൂരിലെ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 174 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഇന്ത്യയുടെ സ്കോറിംഗിന് വേഗത നൽകിയ റിങ്കു സിംഗും ജിതേഷ് ശര്‍മ്മയും അവസാന ഓവര്‍ വരെ ക്രീസിലുണ്ടാകാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന രണ്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് 13 റൺസ് മാത്രമാണ്

യശസ്വി ജൈസ്വാള്‍ മിന്നും തുടക്കം നൽകിയപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ഇന്ത്യ 50 റൺസിലെത്തി. എന്നാൽ പവര്‍പ്ലേയിലെ അവസാന ഓവറിലെ അവസാന പന്തിൽ താരം പുറത്തായി. 28 പന്തിൽ നിന്ന് 37 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

റുതുരാജ് ഗൈക്വാഡിന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ശ്രേയസ്സ് അയ്യരും സൂര്യകുമാര്‍ യാദവും വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 63/3 എന്ന നിലയിൽ പ്രതിരോധത്തിലായി.

Jitheshsharma

ഗൈക്വാഡ് പിന്നീട് റൺ റേറ്റ് ഉയര്‍ത്തിയെങ്കിലും 28 പന്തിൽ 32 റൺസ് നേടി താരം പുറത്തായി. 58 റൺസാണ് റിങ്കു – ഗൈക്വാഡ് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. റിങ്കുവിന് കൂട്ടായി എത്തിയ ജിതേഷ് ശര്‍മ്മയും തകര്‍ത്ത് ബാറ്റ് വീശിയപ്പോള്‍ അവസാന ഓവറുകളിൽ ഇന്ത്യയുടെ റൺ റേറ്റ് കുതിച്ചുയര്‍ന്നു.

19 പന്തിൽ 35 റൺസ് നേടി ജിതേഷ് ശര്‍മ്മ പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഇന്ത്യ 56 റൺസാണ് ക്ഷണനേരം കൊണ്ട് കൂട്ടിചേര്‍ത്തത്. അതേ ഓവറിൽ അക്സര്‍ പട്ടേലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന ഓവറിൽ റിങ്കു സിംഗും പുറത്തായപ്പോള്‍ ഇന്ത്യയുടെ കുതിപ്പിന് തടയിടുവാന്‍ ഓസ്ട്രേലിയയ്ക്കായി.

റിങ്കു 29 പന്തിൽ 46 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും ജേസൺ ബെഹ്രെന്‍ഡോര്‍ഫ് രണ്ടും വിക്കറ്റ് നേടി.

Exit mobile version