ബാറ്റിംഗിനിറങ്ങാതെ വീരു, റൂസോ വെടിക്കെട്ടില്‍ അവസാന ഓവറില്‍ ജയം നേടി മറാത്ത് അറേബ്യന്‍സ്

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മറാത്ത അറേബ്യന്‍സ്. ഇന്ന് ടി10 ക്രിക്കറ്റ് ലീഗില്‍ നടന്ന മത്സരത്തില്‍ ടീം ശ്രീലങ്കയ്ക്കെതിരെയാണ് മറാത്ത അറേബ്യന്‍സ് 5 വിക്കറ്റ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം ശ്രീലങ്കയ്ക്കായി ദിനേശ് ചന്ദിമല്‍(37*), ഷെഹാന്‍ ജയസൂര്യ(28), രമിത് റംബുക്വേല(22) എന്നിവര്‍ തിളങ്ങി. 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് ലങ്കന്‍ ടീം നേടിയത്.

ഡ്വെയിന്‍ ബ്രാവോ, വില്‍ജോയന്‍ എന്നിവരാണ് മറാത്തയ്ക്കായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയത്.

ബാറ്റിംഗിനിറങ്ങിയ മറാത്തയ്ക്ക് കമ്രാന്‍ അക്മലിനെ അതിവേഗം നഷ്ടമായെങ്കിലും അലക്സ് ഹെയില്‍സ്(32), റൈലി റൂസോ(49*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. റോലോഫ് വാന്‍ ഡെര്‍ മെര്‍വ് 25 റണ്‍സ് നേടിയപ്പോള്‍ ഇമാദ് വസീം നിര്‍ണ്ണായകമായ 9 റണ്‍സ് നേടി. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന മറാത്തയ്ക്കായി ആദ്യ പന്ത് സിക്സര്‍ കടത്തി ഇമാദ് വസീം വിജയ സാധ്യത നിലനിര്‍ത്തി. പിന്നീട് അവസാന രണ്ട് പന്തുകളില്‍ 7 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ അവ രണ്ടും സിക്സര്‍ കടത്തി റൂസോ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial