സിംബാബ്‍വേ ബോര്‍ഡിന്റെ പ്രവൃത്തിയില്‍ അതൃപ്തിയും ഞെട്ടലും അറിയിച്ച് ഹീത്ത് സ്ട്രീക്ക്

- Advertisement -

ലോകകപ്പ് 2019നു യോഗ്യത നേടുവാന്‍ സാധിക്കാതെ വന്നതോടെ സിംബാബ്‍വേ ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മികച്ച പ്രകടനം നടത്തിവരുകയായിരുന്നു സിംബാബ്‍വേ ടീമിനെ ലോകകപ്പ് യോഗ്യത നേടിയില്ല എന്ന കാരണം പറഞ്ഞ് നായകന്‍ ഗ്രെയിം ക്രെമറിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഹീത്ത് സ്ട്രീക്ക് ഉള്‍പ്പെടുന്ന കോച്ചിംഗ് സ്റ്റാഫിനോട് പിറ്റേ ദിവസം മൂന്ന് മണിക്ക് മുമ്പ് രാജി വയ്ക്കാനോ അല്ലെങ്കില്‍ പുറത്താക്കുമെന്നോയുള്ള സന്ദേശമാണ് ബോര്‍ഡ് കൈമാറിയത്. രാജി വയ്ക്കാതിരുന്നതിനാല്‍ പിന്നീട് സ്ട്രീക്കിനെ പുറത്താക്കി.

സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയില്‍ അതൃപ്തിയും ഞെട്ടലും അറിയിച്ച ഹീത്ത് സ്ട്രീക്ക് പറഞ്ഞത് ഈ നടപടികള്‍ ദേശീയ താരങ്ങളെയും തന്റെ ടീമിനെയും തരം താഴ്ത്തുന്ന വിധത്തിലുള്ളതായിരുന്നു എന്നാണ്. അതിനാല്‍ രാജി വയ്ക്കുവാന്‍ വിസമ്മതിച്ച തന്നെയും ടീമിനെയും ഉടനടി പുറത്താക്കുകയായിരുന്നു ബോര്‍ഡ് ചെയ്തത്.

ശ്രീലങ്കയില്‍ 3-2 നു പരമ്പരവിജയമുള്‍പ്പെടെ കഴിഞ്ഞ കുറച്ച് കാലമായി 32 മത്സരങ്ങളില്‍ നിന്ന് സിംബാബ്‍വേ 12 വിജയങ്ങളും 17 തോല്‍വികളുമാണ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ ടീം മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുകയായിരുന്നുവെന്ന് സ്ട്രീക്ക് പറഞ്ഞു. കോച്ചിംഗ് സ്റ്റാഫും താരങ്ങളുമെല്ലാം തന്നെ പലപ്പോഴും വേതനമില്ലാതെയും രണ്ടിലധികം തവണ വേതനം കുറവ് വരുത്തിയിട്ടും സിംബാബ്‍വേ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ത്യാഗങ്ങള്‍ സഹിച്ചാണ് ക്രിക്കറ്റിനു വേണ്ടി തുടര്‍ന്ന് പോന്നതെന്നും സ്ട്രീക്ക് പറഞ്ഞു.

യുഎഇയ്ക്കെതിരെയുള്ള മൂന്ന് റണ്‍സ് തോല്‍വിയോടെ ലോകകപ്പ് യോഗ്യത കൈമോശം വന്നതാണ് സിംബാബ്‍വേ ക്രിക്കറ്റിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ബോര്‍ഡിനെ അലട്ടുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. കാര്യമെന്തായാലും നിലവിലുള്ള കോച്ചിംഗ് പാനലിനെ മുഴുവന്‍ ഒഴിവാക്കി ആദ്യം മുതല്‍ ഇനി കാര്യങ്ങളെല്ലാം ശരിയായ ക്രമത്തില്‍ കൊണ്ടെത്തിക്കുക എന്നത് സിംബാബ്‍വേയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമായി മാറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement