ഇംഗ്ലണ്ട് പരമ്പരയിലേക്ക് ഭുവനേശ്വര്‍ കുമാറിനെ വിളിക്കണം – നാസ്സര്‍ ഹുസൈന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ വരുത്തിയ തെറ്റ് എത്രയും വേഗത്തിൽ മാറ്റി ഭുവനേശ്വര്‍ കുമാറിനെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. മത്സരത്തിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് യൂണിറ്റ് സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ പേസര്‍മാരിൽ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും യാതൊരു തരത്തിലുള്ള പ്രഭാവവും ഉണ്ടാക്കാനാകാതെ പോകുകയായിരുന്നു. ഇതിൽ ബുംറയ്ക്ക് രണ്ടിന്നിംഗ്സിലും ഒരു വിക്കറ്റ് പോലും നേടാനുമായില്ല.

സ്വിംഗ് ബൗളിംഗിന് പേരുകേട്ട ഭുവനേശ്വര്‍ കുമാറിനെ എത്രയും പെട്ടെന്ന് ഇന്ത്യ തങ്ങളുടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഉള്‍പ്പെടുത്തണമെന്നും താരം രണ്ടോ മൂന്നോ ടെസ്റ്റിൽ മാത്രം കളിച്ചാൽ തന്നെ ടീമിന് അതിന്റെ ഗുണം ഉണ്ടാകുമെന്നും നാസ്സര്‍ ഹുസൈന്‍ സൂചിപ്പിച്ചു.

2019 ജനുവരിയിലാണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. അതിന് ശേഷം താരത്തിന് നിരവധി പരിക്കുകളും ശസ്ത്രക്രിയകള്‍ക്കും വിധേയനാകേണ്ടി വരികയായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ താരത്തിന് തുണയാകുമെന്നും ഇന്ത്യന്‍ ടീമിന് ഒരു സ്വിംഗ് ബൗളറുടെ അഭാവമുണ്ടെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

Exit mobile version