റാസയും ടെയിലറും കസറി, സിംബാബ്‍വേയോട് പരാജയം രുചിച്ച് നേപ്പാള്‍

- Advertisement -

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ വിജയത്തുടക്കവുമായി ആതിഥേയര്‍. കുഞ്ഞന്മാരായ നേപ്പാളിനെതിരെ ഉഗ്രരൂപം പൂണ്ട സിംബാബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 264 റണ്‍സ് മാത്രമേ നേടാനായുള്ളു. സിക്കന്ദര്‍ റാസയും ബ്രണ്ടന്‍ ടെയിലറും ശതകങ്ങള്‍ നേടിയ മത്സരത്തില്‍ ഓപ്പണര്‍മാരായ സെഫാസ് ഹുവാവോയും(41) സോളമന്‍ മീറും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. 7.1 ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ 77 ആയിരുന്നു സ്കോര്‍ബോര്‍ഡിലെ റണ്‍സ്.

നാലാം വിക്കറ്റ് വീഴുമ്പോള്‍ 200 റണ്‍സായിരുന്നു സിംബാബ്‍വേയുടെ സ്കോര്‍. പിന്നീട് ടെയിലറും റാസയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 172 റണ്‍സാണ് നേടിയത്. 373ല്‍ റാസയും(123) ബ്രണ്ടന്‍ ടെയിലറും(100) സോംപാല്‍ കാമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. നേപ്പാളിനായി കാമിയും ബസന്ത് റെഗ്മിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ആരിഫ് ഷെയ്ഖ്(50), ശരദ് വേസാവ്കര്‍(52) എന്നിവര്‍ക്ക് പുറമേ പരസ് ഖഡ്ക(40), രോഹിത് കുമാര്‍(30), ഗ്യാനേന്ദ്ര മല്ല(32) എന്നിവരും നേപ്പാളിനായി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും 380 എന്ന സ്കോര്‍ ഏറെ ദുഷ്കരമായിരുന്നു നേപ്പാളിനു. 50 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 264 റണ്‍സില്‍ നേപ്പാളിന്റെ പോരാട്ടവീര്യം അവസാനിച്ചു.

സിംബാബ്‍വേയ്ക്ക് വേണ്ടി റാസ മൂന്നും ബ്രയാന്‍ വിട്ടോറി രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement