200 കടത്തിയ ശേഷം അശ്വിനും പുറത്ത്, അവസാന പ്രതീക്ഷയായി രവീന്ദ്ര ജഡേജ

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 211/7 എന്ന നിലയിലാണ്. അജിങ്ക്യ രഹാനെ(49), വിരാട് കോഹ്‍ലി(44) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന സ്കോറര്‍മാര്‍.

രവിചന്ദ്രന്‍ അശ്വിന്റെ ബാറ്റിംഗ് ആണ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തിയത്. 23 റൺസ് ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി നേടിയ താരം 27 പന്തിൽ 22 റൺസ് നേടിയാണ് പുറത്തായത്. ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ 15 റൺസ് നേടി നില്‍ക്കുന്ന രവീന്ദ്ര ജഡേജയിലാണ്.

200 റൺസിന് മേലെ സ്കോര്‍ എത്തിച്ചതിൽ ഇന്ത്യ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടെങ്കിലും മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ന്യൂസിലാണ്ടിന് സ്വന്തമാണ്. കൈല്‍ ജാമിസൺ ആണ് കോഹ്‍ലിയെയും പന്തിനെയും പുറത്താക്കി തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

Kylejamieson

തന്റെ അര്‍ദ്ധ ശതകത്തിന് ഒരു റൺസ് അകലെ നീൽ വാഗ്നര്‍ അജിങ്ക്യ രഹാനെയെ പുറത്താക്കിയപ്പോള്‍ കാണികള്‍ക്ക് ആവേശം നല്‍കിയ ഇന്നിംഗ്സാണ് അശ്വിന്‍ പുറത്തെടുത്ത്. ടിം സൗത്തിയ്ക്കാണ് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ടിന്റെ ഓവറിൽ രവീന്ദ്ര ജഡേജയുടെ ക്യാച്ച് ടിം സൗത്തി നഷ്ടമാക്കിയത് ന്യൂസിലാണ്ടിന് തിരിച്ചടിയാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ന്യൂസിലാണ്ടിനായി കൈൽ ജാമിസൺ മൂന്നും നീൽ വാഗ്നര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

Exit mobile version